'പോരാട്ടം സ്വന്തം ആളുകൾക്കെതിരെയല്ല',​ രോകൊ വിഷയത്തിൽ പ്രചരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഗംഭീർ

Thursday 22 January 2026 3:49 PM IST

ന്യൂഡൽഹി: കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ വില്ലനായാണ് മുഖ്യപരിശീലകനായ ഗൗതം ഗംഭീർ ചിത്രീകരിക്കപ്പെടുന്നത്. വിരാട് കൊഹ്‌‌‌ലിയെയും രോഹിത് ശർമയെയും ടീമിൽ നിന്ന് പുറത്താക്കാൻ ചരടുവലിക്കുന്ന ഒരാളാണ് ഗംഭീർ എന്ന രീതിയിലാണ് പ്രചാരണം. അവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതും, ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് നിർബന്ധം പിടിച്ചതടക്കം ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിക്കുന്ന എല്ലാ തിരിച്ചടികൾക്കും കുറ്റക്കാരൻ പരിശീലകനായ ഗംഭീറാണെന്നാണ് പലരും വിശ്വസിക്കുന്നത്.

അടുത്തിടെ നടന്ന ഏകദിന, ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനങ്ങൾ കൂടി വന്നതോടെ ഒരു കാര്യം ഉറപ്പിച്ചു പറയുകയാണ് വിമർശകർ. ഗംഭീറിന് എങ്ങനെയെങ്കിലും കൊഹ്‌‌‌ലിയെയും രോഹിത്തിനെയും ടീമിൽ നിന്നും പുറത്താക്കണം. എന്നാൽ എല്ലാ ആരോപണങ്ങൾക്കിടയിലും തന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗംഭീർ. ശശി തരൂർ എംപി പങ്കുവച്ച എക്സ് പോസ്റ്റിന് മറുപടിയായാണ് തനിക്കു നേരെ ഉയരുന്ന വിമർശനങ്ങൾക്ക് ഗംഭീർ മൗനം വെടിഞ്ഞത്.

'പൊടിപടലങ്ങൾ അടങ്ങുമ്പോൾ, ഒരു പരിശീലകന്റെ 'അപരിമിതമായ അധികാര'ത്തെക്കുറിച്ചുള്ള സത്യവും യുക്തിയും വ്യക്തമാകും. അതുവരെ, ലോകത്തെ ഏറ്റവും മികച്ചവരായ എന്റെ സ്വന്തം ആളുകൾക്കെതിരെ എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു,' ഗംഭീർ കുറിച്ചു.

മുൻപും രോഹിത്തിനെയും കൊഹ്‌‌‌ലിയെയും കുറിച്ച് ചോദിച്ചപ്പോഴൊക്കെ '2027 ലോകകപ്പിന് ഇനിയും രണ്ട് വർഷമുണ്ട്' എന്ന ഒരേ മറുപടിയാണ് ഗംഭീർ നൽകിയിരുന്നത്. ആർക്കും ടീമിൽ സ്ഥാനം ഉറപ്പില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇത് ടീമിലെ എല്ലാവർക്കും ബാധകമാണെങ്കിലും, സോഷ്യൽ മീഡിയയിലെ ട്രോളന്മാരും വിമർശകരും ഇത് രോഹിത്തിനും കൊഹ്‌‌‌ലിക്കും എതിരെയാണെന്ന് വ്യാഖ്യാനിച്ചു. ഇതോടെയാണ്, ആദ്യമായി ഗംഭീർ വിഷയത്തിൽ പരോക്ഷമായി തന്റെ നിലപാട് വ്യക്തമാക്കിയത്. പേരുകൾ എടുത്തു പറഞ്ഞില്ലെങ്കിലും പല കാര്യങ്ങളും അദ്ദേഹം തുറന്നടിക്കുകയായിരുന്നു.

അതേസമയം വിവാദങ്ങൾ ചൂടുപിടിച്ചു നില്ക്കുന്ന സമയത്താണ് കോൺഗ്രസ് എംപി ശശി തരൂർ തന്റെ സുഹൃത്തിനെ പിന്തുണച്ച്‌കൊണ്ട് പോസ്റ്റിടുന്നത്. പ്രധാനമന്ത്രി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും പ്രയാസമേറിയ ജോലി ചെയ്യുന്ന വ്യക്തിയെന്നാണ് തരൂർ ഗംഭീറിനെ വിശേഷിപ്പിച്ചത്. ആദ്യ ട്വന്റി-20 മത്സരം നടക്കുന്നതിനു മുമ്പായിരുന്നു തരൂർ തന്റെ കുറിപ്പ് പങ്കുവച്ചത്.

'നാഗ്പൂരിൽ വച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി നല്ലൊരു ചർച്ച നടത്താൻ സാധിച്ചു. ഇന്ത്യയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി ചെയ്യുന്ന വ്യക്തിയാണദ്ദേഹം. ദിവസവും ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുന്നുണ്ടെങ്കിലും, തികഞ്ഞ ശാന്തതയോടെ പതറാതെയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും നേതൃപാടവത്തെയും അഭിനന്ദിക്കുന്നു. ഇന്നത്തെ മത്സരം മുതൽ അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നു.' തരൂർ എക്സിൽ കുറിച്ചു.

പരിശീലന വേളകളിൽ രോഹിത് ശർമയും ഗംഭീറും പരസ്പരം സംസാരിക്കാറില്ലെന്നും ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇരുവരും തമ്മിൽ പിണങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. വിരാട് കൊഹ്‌‌‌ലിയും ഗംഭീറും തമ്മിലുള്ള സൗഹൃദവും ചിരിയും മാഞ്ഞുവെന്നും അത്യാവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കുന്ന നിലയിലേക്ക് ഇരുവരുടെയും ബന്ധം മാറിയിട്ടുണ്ടെന്നുമാണ് അഭ്യൂഹങ്ങൾ.

ഗംഭീറിന്റെ കീഴിൽ ഇന്ത്യ ഏഷ്യാ കപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ദയനീയ പ്രകടനം ബിസിസിഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ പരാജയത്തിന് പിന്നാലെ ഗംഭീർ രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും, ബിസിസിഐ ആവശ്യപ്പെട്ടാൽ മാത്രമേ താൻ സ്ഥാനമൊഴിയൂ എന്ന ഉറച്ച നിലപാടിലാണ് ഗംഭീർ. 2026ൽ ടെസ്റ്റ് മത്സരങ്ങൾ കുറവായതിനാൽ ഗംഭീറിന് കുറച്ച് സാവകാശം ലഭിച്ചേക്കാം. എന്നാൽ വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടാൽ ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.