പോണേക്കരയിൽ അച്ഛനും മകളും മരിച്ച സംഭവം കൊല്ലപ്പെട്ട ആറുവയസുകാരിയുടെ രഹസ്യഭാഗത്ത് മുറിപ്പാടുകൾ
അന്വേഷണം സുഹൃത്തുക്കളായ ദമ്പതികളിലേക്ക്
കൊച്ചി: എറണാകുളം പോണേക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം മറ്റൊരു ദിശയിലേക്ക്. കൊല്ലപ്പെട്ട ഒന്നാം ക്ലാസുകാരിയുടെ രഹസ്യഭാഗത്ത് മുറിപ്പാടുകളുണ്ടെന്ന പോസ്റ്റുമോർട്ടത്തിലെ ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. ഫൊറൻസിക് സർജൻ ഉന്നത ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തുക്കളായ ദമ്പതികളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ 15ന് രാവിലെയാണ് ആലപ്പുഴ പൂച്ചാക്കൽ സ്വദേശിയായ 33കാരനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലിൽ മരിച്ചനിലയിലും കണ്ടെത്തിയത്. ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയതിൽ മനംനൊന്ത് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നായിരുന്നു പ്രാഥമിക നിഗമനം. കുട്ടിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനിടെ രഹസ്യഭാഗത്ത് പരിക്കേൽക്കാൻ സാദ്ധ്യതയുണ്ടെങ്കിലും വിദഗ്ദ്ധ അഭിപ്രായം തേടിയിരിക്കുകയാണ് പൊലീസ്.
കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തുക്കളായ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള രഹസ്യവിവരം യുവാവ് കണ്ടെത്തിയെന്നും, ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണമോ സ്വർണമോ കൈക്കലാക്കിയെന്നും വിവരമുണ്ട്. ഇതേച്ചൊല്ലിയുള്ള തർക്കമാണ് ഭാര്യയുടെ പിണങ്ങിപ്പോക്കിന് വഴിവച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ തുടർന്നാണ് ദമ്പതികളെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. അതീവരഹസ്യമായാണ് പൊലീസ് മുന്നോട്ട് പോകുന്നത്.
താനും മകളും പോവുകയാണെന്ന് ഇയാൾ ഭാര്യയ്ക്ക് സന്ദേശം അയച്ചതിന് ശേഷമാണ് കുടുംകൈ ചെയ്തത്. രാത്രി 11ഓടെ പിണക്കംമറന്ന് ഇവർ ജോലി സ്ഥലത്ത് നിന്ന് എത്തിയെങ്കിലും വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അച്ഛനും മകളും പുറത്തുപോയതായിരിക്കുമെന്ന് കരുതി സിറ്റൗട്ടിലിരുന്ന് നേരം വെളുപ്പിച്ചു. ഫോണെടുക്കാതെ വന്നതോടെ പുലർച്ചെ ബന്ധുവിനെ വിളിച്ചുവരുത്തി. ഇയാൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടത്. ഉടൻ ഹെൽപ്പ് ലൈനിൽ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.