'ഇന്ത്യയിലേക്കില്ല,ഐസിസി നീതി കാണിച്ചില്ല'; ടി20 ലോകകപ്പിൽ മത്സരിക്കാനില്ലെന്നുറപ്പിച്ച് ബംഗ്ലാദേശ്
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാൻ പോകുന്ന ടി20 ലോകകപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. ടൂർണമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടേക്കാമെന്ന് പൂർണ ബോദ്ധ്യമുണ്ടായിട്ടും, കളിക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ പ്രതിനിധികളും ക്രിക്കറ്റ് ബോർഡും വ്യക്തമാക്കി.
ദേശീയ ടീം അംഗങ്ങളും ഇടക്കാല സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും പങ്കെടുത്ത നിർണായക യോഗത്തിനുശേഷമാണ് ബഹിഷ്കരണ പ്രഖ്യാപനം ഉണ്ടായത്. ഐസിസി ബംഗ്ലാദേശിനോട് നീതി കാണിച്ചില്ലെന്നും ക്രിക്കറ്റിനേക്കാൾ ഉപരി കളിക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ആസിഫ് നസ്രുൾ അറിയിച്ചു. ബംഗ്ലാദേശിനെപ്പോലെ ക്രിക്കറ്റ് ഭ്രാന്തമായ ഒരു രാജ്യം ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നത് ആതിഥേയരുടെയും ഐസിസിയുടെയും പരാജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിൽ കളിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റാൻ ഐസിസി ഒരു ദിവസത്തെ സമയം കൂടി അനുവദിച്ചിരുന്നെങ്കിലും ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ഇന്ത്യയിൽ ബംഗ്ലാദേശ് പറയുന്ന പോലെ ഒരു സുരക്ഷാ ഭീഷണിയുമില്ലെന്നും ഐസിസി അറിയിച്ചിരുന്നു. ബംഗ്ലാദേശ് പിന്മാറിയാൽ പകരം സ്കോട്ട്‌ലാൻഡ് ലോകകപ്പിൽ കളിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൃത്യമായ സുരക്ഷാ ഭീഷണികളില്ലാതെ മത്സരക്രമത്തിൽ മാറ്റം വരുത്തുന്നത് ഐസിസി ടൂർണമെന്റുകളുടെ അന്തസിനെ ബാധിക്കുമെന്നും ഐസിസി അറിയിച്ചു.