കുണ്ടന്നൂർ കണ്ണാടിക്കാട് സർവീസ് റോഡിലെ അനധികൃത കൈയേറ്റങ്ങൾ പൊളിപ്പിക്കും
മരട്: കുണ്ടന്നൂർ കണ്ണാടിക്കാട് സർവീസ് റോഡിലെ അനധികൃത കൈയേറ്റങ്ങൾ നഗരസഭ പൊളിപ്പിക്കും.പുതിയ ഭരണസമിതി അധികാരമേറ്റ ഉടൻ കുണ്ടന്നൂർക്കാരൻ പൗരസമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടികൾക്ക് ഒരുങ്ങുന്നത്. കഴിഞ്ഞദിവസം മരട് മുനിസിപ്പാലിറ്റിയിൽ നഗരസഭ വിളിച്ചുചേർത്ത കുണ്ടന്നൂർകാരൻ പൗരസമിതി അംഗങ്ങളുമായുള്ള ചർച്ചയിൽ മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, വൈസ് ചെയർപേഴ്സൺ ജിൻസൺ പീറ്റർ, കൗൺസിലർമാരായ സുനില സിബി, ലേഖ സുകുമാരൻ, ടി.കെ. സച്ചിദാനന്ദൻ, നഗരസഭാ സെക്രട്ടറി നസീം എന്നിവർ പങ്കെടുത്തു.
കുണ്ടന്നൂർ നിവാസികളുടെ ദീർഘകാല ആവശ്യമായ സർവീസ് റോഡിലെ വഴിവിളക്കുകൾ സ്ഥാപിക്കുക, സർവീസ് റോഡ് അപകടകരമായ രീതിയിൽ കാനഇടിഞ്ഞ അവസ്ഥ പരിഹരിക്കുക, ബണ്ട് സ്റ്റോപ്പ് മുതൽ നായേഴ്സ് ഹോസ്പിറ്റൽവരെയുള്ള ഭാഗത്ത് കാനയ്ക്ക് സ്ലാബിടുക, ഈ പ്രദേശത്തെ ഷോറൂമുകളിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിച്ച് രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ കൈക്കാെള്ളുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പാക്കുമെന്ന് ഉറപ്പുനൽകി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗവും ഹൈവേ അധികൃതരും സ്വകാര്യമാൾ അധികൃതരും പ്രദേശത്തെ ഷോറൂം അധികാരികളുമായി അടിയന്തര ചർച്ച നടത്താനും തീരുമാനമായി. പ്രദേശത്തെ ഇടറോഡുകളിലെ അനധികൃത പാർക്കിംഗും ഇ.കെ. നായനാർ ഹാളിന്റെ ശോച്യാവസ്ഥയും ഉടൻ പരിഹരിക്കാൻവേണ്ട നടപടികൾ ആരംഭിച്ചതായി പ്രദേശത്തെ കൗൺസിലർമാരും നഗരസഭയും പറഞ്ഞു. കുണ്ടന്നൂർകാരൻ പൗരസമിതിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ.പി. യേശുദാസ്, സെക്രട്ടറി സുജിത്ത് ഇലഞ്ഞിമിറ്റം, രാധൻ അമ്പലപ്പടി, ഷമീർ സെയ്ദ്, കെ.ടി. വിനോദ്, എബി അലക്സ് എന്നിവർ പങ്കെടുത്തു.