സിറാജ് ബൈപ്പാസ് നിർമ്മാണത്തിന് ഭരണാനുമതി, യാത്രാദുരിതത്തിന് അറുതിയാകുന്നു
കൊടുവള്ളി: നഗരത്തിലെ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി വിഭാവനം ചെയ്ത സിറാജ് ബൈപ്പാസ് റോഡ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്കാണ് ഇപ്പോൾ അംഗീകാരമായത്. ഇതോടെ റോഡ് നിർമ്മാണത്തിനായുള്ള പ്രാഥമിക നടപടികൾക്ക് വേഗം കൂടുമെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി റോഡിന്റെ അലൈൻമെന്റിന് മുൻപ് തന്നെ അംഗീകാരം ലഭിച്ചിരുന്നു. ഭരണാനുമതി ലഭ്യമായ പശ്ചാത്തലത്തിൽ നേരത്തെ സർവേ ചെയ്ത ഭാഗങ്ങളിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. ഇതിനോടൊപ്പം സ്ഥലമെടുപ്പ് നടപടികൾക്കായി പ്രപ്പോസൽ സമർപ്പിക്കുമെന്നും എം.എൽ.എ അറിയിച്ചു. റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ വാല്യേഷൻ നടത്തി റിപ്പോർട്ട് റവന്യൂ വകുപ്പിന് കൈമാറും. പൊളിച്ചുനീക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കും. സർവേ നടപടികൾ പൂർത്തിയാകുന്നതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.
2024-25 സംസ്ഥാന ബജറ്റിൽ റോഡ് നിർമ്മാണത്തിനും സ്ഥലമെടുപ്പിനുമായി അഞ്ച് കോടി രൂപയാണ് പ്രാരംഭ ഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. പത്ത് മീറ്റർ വീതിയിൽ ഡ്രൈനേജും ഫുട്പാത്തും ഉൾപ്പെടെ അത്യാധുനികമായ ബി.എം. ആന്റ് ബി.സി. നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. സിറാജ് ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ കൊടുവള്ളി ടൗണിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്
ഡോ. എം.കെ മുനീർ എം.എൽ.എ