'ആണുങ്ങളും ലൈംഗിക അതിക്രമത്തിന് ഇരയാകാറുണ്ട്', സുഹൃത്തിന്റെ അനുഭവം പങ്കുവച്ച് ഗായിക

Thursday 22 January 2026 6:50 PM IST

ലൈംഗികമായ അതിക്രമം നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ലെന്ന് ഗായിക ചിന്മയി ശ്രീപദ. തന്റെ ഒരു സുഹൃത്ത് നേരിട്ട അനുഭവത്തെക്കുറിച്ച് പരാമര്‍ശിച്ചാണ് ഗായിക സമൂഹമാദ്ധ്യമമായ എക്‌സില്‍ ഇക്കാര്യം കുറിച്ചത്. ബസിനുള്ളില്‍ ഒക്കെ യാത്ര ചെയ്യുമ്പോള്‍ പ്രായമായ പുരുഷന്‍മാരില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടാകാതിരിക്കാന്‍ തന്റെ സുഹൃത്ത് സേഫ്റ്റി പിന്‍ കയ്യില്‍ കരുതുമായിരുന്നുവെന്നാണ് ചിന്മയിയുടെ വെളിപ്പെടുത്തല്‍. 17ാം വയസ്സില്‍ സഹപാഠിയായ യുവാവിന്റെ തുറന്നുപറച്ചില്‍ കേട്ടപ്പോഴാണ് പുരുഷന്‍മാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകുമെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും ഗായിക പറയുന്നു.

'ബസ് യാത്രയ്ക്കിടെ വൃത്തികെട്ട, പ്രായമായ അമ്മാവന്മാരില്‍നിന്ന് ലൈംഗികാതിക്രമം നേരിടാതിരിക്കാന്‍ സേഫ്റ്റി പിന്‍ കൊണ്ടുനടക്കാറുണ്ടെന്ന് എന്റെ സഹപാഠിയായ ചെറുപ്പക്കാരന്‍ ജര്‍മന്‍ ക്ലാസില്‍വെച്ച് പറഞ്ഞറിഞ്ഞപ്പോള്‍ എനിക്ക് 17 വയസ്സായിരുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍, പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു, 20 വര്‍ഷം മുമ്പാണത്',- ചിന്മയി എക്‌സില്‍ കുറിച്ചു.

ബസിനുള്ളില്‍ ലൈംഗികഅതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് (42) ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഗായികയുടെ കുറിപ്പ്. ഈ വിഷയത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട നിരവധി പോസ്റ്റുകള്‍ ചിന്മയി റീപോസ്റ്റ് ചെയ്ത് ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ദീപക്കിന്റെ ആത്മഹത്യയില്‍ കോഴിക്കോട്, വടകര സ്വദേശി ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതി ഇപ്പോള്‍ മഞ്ചേരി സബ് ജയിലിലാണ്.