ട്വന്റി 20യുടെ എൻ.ഡി.എ പ്രവേശനം, കുന്നത്തുനാടുറപ്പിച്ച് മൂന്ന് മുന്നണികൾ

Friday 23 January 2026 12:21 AM IST
ട്വന്റി20

കോലഞ്ചേരി: എൻ.ഡി.എ പ്രവേശനം കുന്നത്തുനാട് നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി20ക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. എന്നാൽ ട്വന്റി20ക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വങ്ങളുടെ വിലയിരുത്തൽ. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ 26 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിറുത്താതെ ട്വന്റി 20 നേടിയത് 50,970 വോട്ടാണ്. ഈ വോട്ട് ലക്ഷ്യം വച്ചാണ് എൻ.ഡി.എ നീക്കം. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വോട്ടിൽ വൻ വർദ്ധനവുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് സീറ്റുകൾ ട്വന്റി20ക്ക് നൽകാനാണ് ധാരണയെന്നാണ് വിവരം. കുന്നത്തുനാട്, പെരുമ്പാവൂർ, തൃക്കാക്കര മണ്ഡലങ്ങളാണ് ഏകദേശ ധാരണ. നാല് ദിവസം മുമ്പ് ഡൽഹിയിൽ സാബു എം. ജേക്കബ്, രാജീവ് ചന്ദ്രശേഖറുമൊത്ത് ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. ആ ചർച്ചയെ തുടർന്നാണ് എൻ.ഡി.എ പ്രവേശനത്തിന് പച്ചക്കൊടിയായതെന്നാണ് ലഭിക്കുന്ന സൂചനകൾ.

പ്രതീക്ഷയിൽ എൽ.‌ഡി.എഫ്

പാർട്ടിക്കും സാബു എം. ജേക്കബിനുമെതിരെ പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നിലപാടുകളാണ് പാർട്ടിയെ എൻ.ഡി.എയിൽ എത്തിച്ചതെന്നാണ് ട്വന്റി20 പാർട്ടി അണികൾ പറയുന്നത്. എന്നാൽ ശ്രീനിജിന്റെ ശക്തമായ നിലപാടുകളിൽ സ്വന്തം തട്ടകത്തിലേറ്റ തിരിച്ചടിയിലാണ് ട്വന്റി20 കളം വിടാനിടയായതെന്ന് എൽ.ഡി.എഫും വാദിക്കുന്നു. എൻ.ഡി.എ പ്രവേശനത്തിൽ ട്വന്റി20യിൽ ശക്തമായ എതിർപ്പുണ്ടാകുമെന്നും നിരവധി പേർ പാർട്ടി വിടുമെന്നും മുസ്ലിം സമുദായത്തിൽപ്പെട്ടവർ കടുത്ത എതിർപ്പിലാണെന്നും എൽ.ഡി.എഫ് വിലയിരുത്തുന്നു.

അണികൾ തിരിച്ചുവരുമെന്ന് യു.ഡി.എഫ്

ഇതുവരെ കളത്തിന് പുറത്തുനിന്ന് ശ്രീനിജിൻ - ട്വന്റി20 പോരാട്ടം കണ്ട യു.ഡി.എഫ് വലിയ നേട്ടമുണ്ടാകുമെന്ന വിശ്വാസത്തിലാണ്. തീവ്ര ക്രിസ്ത്യൻ ചിന്താഗതിയുള്ളവരും മുസ്ലിം സമുദായവുമടക്കം യു.ഡി.എഫ് വിട്ട് ട്വന്റി20യിൽ ചേക്കേറിയ വലിയൊരു വിഭാഗത്തെ മുന്നണിയിൽ തിരിച്ചെത്തിക്കാനാകുമെന്നാണ് അവർ കരുതുന്നത്.

വോട്ട് കണക്കിൽ പ്രതീക്ഷ വച്ച് എൻ.ഡി.എ

ട്വന്റി20ക്ക് 2021ലെ നിയമസഭയിൽ ലഭിച്ചത് 42,701 വോട്ടും എൻ.ഡി.എയ്ക്ക് ലഭിച്ചത് 7,218 വോട്ടുമാണ്. ലോക്‌സഭയിൽ ട്വന്റി20ക്ക് ലഭിച്ചത് 46,613 വോട്ടാണ്. എൻ.ഡി.എ 8,145 വോട്ട് നേടി. നിയമസഭയിൽ എൽ.ഡി.എഫ് 52,351 വോട്ട് നേടിയപ്പോൾ യു.ഡി.എഫിന് ലഭിച്ചത് 49,636 വോട്ടാണ്. ലോക്‌സഭയിൽ യു.ഡി.എഫ് 52,523 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 39,089ൽ ഒതുങ്ങി. കണക്കുകൾ ഇങ്ങനെയായിരിക്കെ നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി20ക്ക് വിജയം സുനിശ്ചിതമെന്നാണ് എൻ.ഡി.എ വിലയിരുത്തൽ.

ട്വന്റി 20 ജനങ്ങളെ വഞ്ചിച്ചു: കോൺഗ്രസ്

അരാഷ്ട്രീയവാദം ഉന്നയിച്ച് വോട്ട് വാങ്ങിയ ജനങ്ങളെ പണയപ്പെടുത്തുന്ന നടപടിയാണ് സാബു എം. ജേക്കബിന്റെ ബി.ജെ.പി പ്രവേശനമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കമ്പനി ലാഭത്തിന് വേണ്ടിയാണ് ബി.ജെ.പി ബന്ധമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

രാഷ്ട്രീയ പാർട്ടികൾ അഴിമതിക്കാരും സ്വജന പക്ഷവാദികളുമാണെന്ന് പറഞ്ഞാണ് അരാഷ്ട്രീയ വാദിയായ സാബു ജേക്കബ് ട്വന്റി 20 പാർട്ടി രൂപീകരിച്ചത്. കച്ചവട താത്പര്യമാണ് അദ്ദേഹത്തിന്റേത്. ട്വന്റി 20 അംഗങ്ങളിൽ പലരും കോൺഗ്രസ് പാളയത്തിലെത്തുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.