ചെറിയ കാര്യങ്ങള്‍ക്ക് പോലും കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയിലായത് പണം കൈപ്പറ്റുന്നതിനിടെ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ വലയിലായി. കോട്ടയം പൊന്‍കുന്നത്ത് ആണ് സംഭവം. ഭൂമി പോക്കുവരവ് ചെയ്ത് കൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇളങ്ങുളം വില്ലേജ് ഓഫീസര്‍ വിഷ്ണു വിജിലന്‍സിന്റെ പിടിയിലായത്. വിഷ്ണു സ്ഥിരമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കൃത്യമായി പദ്ധതി ആസൂത്രണം ചെയ്യുകയും ഇയാളെ കുടുക്കുകയുമായിരുന്നു.
ഭൂമി ഉടമ തന്റെ വസ്തുവിന്റെ പോക്കുവരവിനായി വില്ലേജ് ഓഫീസില്‍ എത്തിയത് ഏതാനും ദിവസങ്ങള്‍ മുമ്പാണ്. വിഷ്ണുവിനെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ ഇയാള്‍ കൈക്കൂലിയായി ആയിരം രൂപ ആവശ്യപ്പെട്ടു. കാര്യം നടക്കുമല്ലോയെന്ന ധാരണയില്‍ ചെറിയ തുകയായി കണ്ട് 1000 രൂപ പ്രതിക്ക് നല്‍കുകയും ചെയ്തു. സ്ഥലത്തിന്റെ പോക്കുവരവിനായി വീണ്ടും എത്തിയപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു.
കൂടുതല്‍ പണം വേണമെന്ന് നിര്‍ബ്ബന്ധം തുടര്‍ന്നപ്പോള്‍ പോക്കുവരവിനെത്തിയ ആള്‍ വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ രൂപ വില്ലേജ് ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു. ഈ സമയത്ത് മറഞ്ഞ് നിന്ന വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. മേഖലാ എസ്പി വിനു ആര്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി.ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഇളങ്ങുളം വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തത്.