വിദേശങ്ങളിലും താരം കൊച്ചി സ്റ്റാമ്പുകൾ,​ സ്റ്റാമ്പ് സാമ്രാജ്യത്തിൽ കൊച്ചി 'രാജാവ്' 

Friday 23 January 2026 1:07 AM IST
തപാൽവകുപ്പ് കേരള സർക്കിളിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനതല തപാൽ സ്റ്റാംപ് പ്രദർശനം

കൊച്ചി: നാല് കോടിയോളം വിലയുള്ള പെന്നി ബ്ലായ്ക്കും ഇന്ത്യയുടെ മുഖമായ സിന്ധ് ഡാക്കും മാത്രമാണോ സ്റ്റാമ്പുകളുടെ ശേഖരത്തിലെ വിലയേറിയ താരങ്ങൾ? അല്ലേയല്ല! കൊച്ചി - തിരുവിതാംകൂർ രാജഭരണകാലത്തെ സ്റ്റാമ്പുകൾക്കാണ് ഡിമാൻഡ് കൂടുതൽ. വിദേശങ്ങളിൽ നടക്കുന്ന സ്റ്റാമ്പ് പ്രദർശനങ്ങളിൽ പോലും ഇവയ്ക്കാണ് സ്വർണമെഡലുകളുൾപ്പെടെ ലഭിക്കാറ്. ഇവയ്ക്ക് കോടികളുടെ മൂല്യമുണ്ട്. രാജഭരണകാലത്ത് 1774 മുതൽ ഔദ്യോഗിക രേഖകൾ കൈമാറുന്നതിന് തപാൽ സംവിധാനങ്ങൾ ആരംഭിച്ചിരുന്നു.

പിന്നീട് 1880 മുതൽ പൊതുജനാവശ്യങ്ങൾക്കും തപാൽ സംവിധാനം ഉപയോഗിക്കാമെന്നായി. 1892 ഏപ്രിൽ 12 മുതൽ സ്റ്റാമ്പുകളുടെ ഔദ്യോഗിക ഉപയോഗവും നിലവിൽ വന്നു. രാമവർമ്മ രാജാക്കന്മാരുടെയും കേരളവർമ്മ രാജാക്കന്മാരുടെയും കാലത്തെ സ്റ്റാമ്പുകൾ എറണാകുളം ടൗൺഹാളിൽ നടക്കുന്ന കെരാപെക്‌സ് ഫിലാറ്റലിക് പ്രദർശന മേളയിലുണ്ട്.

കൊച്ചി രാജവംശത്തിലെ സ്റ്റാമ്പുകളിൽ അതത് കാലത്തെ രാജാക്കന്മാരുടെ ചിത്രം ആലേഖനം ചെയ്തിരുന്നു. എന്നാൽ തിരുവിതാംകൂർ രാജകാലത്തെ സ്റ്റാമ്പുകളിൽ ശംഖ് മുദ്ര‌യാണ്. ഇൻഷ്വേർഡ് കവറുകളും ഏറെ പ്രധാനപ്പട്ടതാണ്. നൂല് കെട്ടി അരക്ക് കൊണ്ട് സീൽ ചെയ്തതാകും ഇൻഷ്വേർഡ് കവറുകൾ. ഇത്തരം കവറുകളിൽ തീയതികൾ മലയാളം ലിപിയിൽ ആയിരുന്നു. കൊച്ചിയിൽ നിന്ന് തിരുവിതാംകൂറിലേക്ക് അയച്ചിരുന്ന ഇന്റർസ്റ്റേറ്റ് കത്തുകളുമുണ്ട്.

വിലപിടിപ്പുള്ള വിലാപ കത്തുകൾ

അതത് കാലത്തെ പ്രധാന വ്യക്തികൾ മരിക്കുമ്പോൾ ഇറക്കുന്നതാണ് മോണിംഗ് കവറുകൾ അഥവാ വിലാപ കത്തുകൾ. 1862ൽ ബ്രിട്ടണിൽ അടിച്ച പെന്നി സ്റ്റാമ്പ് മോണിംഗ് കവറുകളാണ് ഇതിൽ പ്രധാനം. ബ്രിട്ടന്റെ സ്റ്റാമ്പുകളിലൊന്നും രാജ്യത്തിന്റെ പേരുണ്ടാകില്ലെന്നതും ശ്രദ്ധേയമാണ്. ജവഹർലാൽ നെഹ്‌റു, എ.പി.ജെ. അബ്ദുൽകലാം, മദർ തെരേസ, ജയലളിത, കരുണാനിധി എന്നിവരുടെ മോണിംഗ് ലെറ്ററുകളാണ് ഇന്ത്യയിൽ ഇറങ്ങിയതിൽ പ്രധാനം.

മങ്ങാത്ത ബുദ്ധ ചരിത്രവും

ലോകത്തിലെ ഏറ്റവും നീളമുള്ള സ്റ്റാമ്പ് എന്നറിയപ്പെടുന്ന ബുദ്ധ സ്റ്റാമ്പാണ് പ്രദർശനത്തിലെ വിലയേറിയ മറ്റൊന്ന്. ബുദ്ധന്റെ പല്ലിന്റെ അവശിഷ്ടവുമായി നടത്തുന്ന നഗര പ്രദക്ഷിണത്തിന്റെ ചിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ് ഇത്. തൃപ്പൂണിത്തുറ സ്വദേശി സുധ പുൽപ്രയുടേതാണ് ഈ സ്റ്റാമ്പ്.