ഗാന്ധി നാടകവും സാംസ്കാരിക സദസും

Friday 23 January 2026 12:32 AM IST
drama

ബാലുശ്ശേരി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ഗാന്ധിപഥം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിഭവൻ തിയറ്റർ ഇന്ത്യ പത്തനാപുരം അവതരിപ്പിക്കുന്ന 'ഗാന്ധി' നാടകവും സാംസ്കാരിക സദസും 29ന് ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ നടക്കും. കേരള സംഗീത നാടക അക്കാഡമിയുടെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ലഭിച്ച രമേശ് കാവിലിന് നാടക കൃത്ത് എം.കെ. രവിവർമ്മ ഉപഹാര സമർപ്പണം നടത്തും. രമേശ് കാവിലിന്റെ ശാന്തി ഗീതം മ്യൂസിക് വീഡിയോ പ്രകാശനവും നടക്കും. ഗാന്ധിപഥം ജില്ലയിലെ എൽ.പി, യു.പി, എച്ച്.എസ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രശ്നോത്തരി വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും. നാടക അഭിനേതാക്കളായ കുന്നോത്ത് രാധാകൃഷ്ണനെയും ശൈലജ കുന്നോത്തിനേയും ആദരിക്കും വാർത്താ സമ്മേളനത്തിൽ പി.സുധാകരൻ, കെ.പി.മനോജ് കുമാർ, എൻ.രാജൻ, ജൂലേഷ് രവീന്ദ്രൻ, എം.പി.ഷിജിത്ത് എന്നിവർ പങ്കെടുത്തു.