ഫെയ്സ്‌ക്രീം മാറ്റിയതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു
കൊച്ചി: പതിവായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീം മാറ്റിവച്ചെന്ന് ആരോപിച്ച് മകൾ അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ കുഞ്ഞൻബാവയുടെ ഭാര്യ സരസുവിനെ വാരിയെല്ല് ഒടിഞ്ഞനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരസുവിന്റെ പരാതിയിൽ മകൾ നിവ്യയ്‌ക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. തടഞ്ഞുവച്ച് മർദ്ദിക്കൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, കൊല്ലുമെന്ന ഭീഷണി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ സരസു, 30കാരിയായ ഇളയമകൾ നിവ്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ടു. തുടർന്നാണ് കമ്പിപ്പാര കൊണ്ട് കൈയ്ക്കും നെഞ്ചിലും ആഞ്ഞടിച്ചത്. ക്രീം എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും മർദ്ദനം തുടർന്നു. കരച്ചിൽകേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
സരസുവിന് രണ്ട് മക്കളാണുള്ളത്. മൂത്തമകൾ വിവാഹശേഷം ഭർത്താവിനൊപ്പമാണ്. ഇളയമകൾ നിവ്യ ഭർത്താവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ നിവ്യ മുങ്ങി. ഇവരെ അന്വേഷിച്ച് പലവട്ടം പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.