ജില്ലാ കോടതി തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി

Friday 23 January 2026 1:17 AM IST

കൊച്ചി: എറണാകുളം ജില്ലാ കോടതി സമുച്ചയം തകർക്കുമെന്ന വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവിധ കോടതികളിലെ നടപടികൾ തടസമില്ലാതെ നടന്നു. ആർ.ഡി.എക്‌സ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്നലെ

രാവിലെ ഇമെയിലിൽ എത്തിയതാണ് ആശങ്ക പരത്തിയത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ കോടതി ഓഫീസിലെ മെയിലിലേക്ക് 'തമിഴ്‌നാട് റിട്രീവൽ ഗ്രൂപ്പ്" എന്ന മെയിലിൽ നിന്നാണ് സന്ദേശം വന്നത്. ഉച്ചതിരിഞ്ഞ് ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി.

മെയിൽ ശ്രദ്ധയിൽപ്പെട്ട കോടതി അധികൃതർ സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം കൈമാറി. പൊലീസ് സംഘവും ബോംബ്‌ സ്‌ക്വാഡും മണിക്കൂറോളം പരിശോധന നടത്തി. ജില്ലാ കോടതിക്ക് ശക്തമായ സുരക്ഷയൊരുക്കാൻ നിർദ്ദേശവും നൽകി.

2025 മേയിലും എറണാകുളം ജില്ലാ കോടതി സ്‌ഫോടനത്തിലൂടെ തകർക്കുമെന്ന് വ്യാജ ഇമെയിൽ ഭീഷണി എത്തിയിരുന്നു. മാവോയിസ്റ്റുകൾക്കെതിരെയുള്ള നടപടി പ്രതിപാദിക്കുന്ന ഭീഷണിസന്ദേശമായിരുന്നു അന്ന് വന്നത്. ഈമാസം ആദ്യം കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കിന്റെ രണ്ട് ശാഖകളിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയിരുന്നു. അന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.