അഴിയാക്കുരുക്കായി കുണ്ടറയിൽ ഗതാഗതം
കുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ കുണ്ടറയിൽ ഗതാഗതം അഴിക്കുതോറും മുറുകുന്ന കുരുക്കാവുന്നു. പലപ്പോഴും മണിക്കൂറുകളോളമാണ് ഇത് നീണ്ടുനിൽക്കുന്നത്. ആറുമുറിക്കട മുതൽ ഇളമ്പള്ളൂർ വരെ മൂന്ന് കിലോമീറ്ററോളമാണ് ദൂരം. എന്നാൽ ഇത് കടക്കുന്നതിന് ഇപ്പോൾ 45 മിനിട്ടിലേറെ കാത്തിരിക്കണം. കഴിഞ്ഞ ഒരു ദിവസത്തെ മാത്രം അവസ്ഥയല്ല. നാളുകളായി ദേശീയപാതയിലെ ഈ കുരുക്ക് ഇങ്ങനെ നീളുകയാണ്. എന്നാൽ ഈ അവസ്ഥ മറികടക്കുന്നതിനുള്ള നടപടികൾ മാത്രം ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ദേശീയപാതയ്ക്ക് ഇരുവശവും ദിനംപ്രതി പൊട്ടിമുളയ്ക്കുന്ന വഴിയോര വാണിഭവും അനധികൃത പാർക്കിംഗുമാണ് പ്രശ്നത്തിനുള്ള പ്രധാന കാരണമെന്നും പരാതിയുണ്ട്. അശ്രദ്ധമായി റോഡിന് നടുവിൽ നിറുത്തി യാത്രക്കരെ കയറ്റുന്ന ബസുകളും ഈ കുരുക്കിന് കാരണമാണ്. ഇതിനിടയിൽ ഓടകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കാൽനടയാത്രയും ഏറെ ബുദ്ധിമുട്ടുന്നു. കുഴികളിൽ വീഴാതിരിക്കാൻ യാത്രക്കാരിലേറെയും റോഡിനെ ആശ്രയിക്കുന്നുണ്ട്. ഇത് ഗതാഗതത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ്. ആറുമുറിക്കടയ്ക്കും ഇളമ്പള്ളൂരിനും ഇടയിൽ പള്ളിമുക്ക്, മുക്കട,ഇളമ്പള്ളൂർ എന്നിവിടങ്ങളിലെ റെയിൽവേ ക്രോസ് കടക്കുന്നതിനായി വാഹനങ്ങൾ നിറുത്തിയിടുന്നതും ഗതാഗത തടസം സൃഷ്ടിക്കുന്നു.
പരാതികൾക്കും പരിഹാരമില്ല
പബ്ളിക് സർവീസ് കമ്മിഷന്റെ ഉൾപ്പടെ മത്സരപരീക്ഷകളുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഉദ്യോഗാർത്ഥികളെ ഏറെ വലയ്ക്കാറുണ്ട്. കാലങ്ങളായി നീളുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്. ദേശീയപാതയിലെ ഈ കുരുക്ക് അഴിക്കുന്നതിന് അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ട് നിരവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.