ഇരുപതേക്കറിൽ വീണ്ടും പുലി
കോന്നി: കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ തവളപ്പാറ വനമേഖലയോട് ചേർന്ന ഇരുപതേക്കറിൽ വീണ്ടും പുലിയിറങ്ങി. താവളപ്പാറ രവികുമാറിന്റെ വീട്ടിലെ വളർത്തുനായയെ വ്യാഴാഴ്ച രാത്രി പുലി പിടിച്ചുകൊണ്ടുപോയി. കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി വനപാലകർ പറഞ്ഞു. ഇവിടെ മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12ന് താവളപ്പാറ ഇരുപതേക്കറിൽ പുലി എത്തിയിരുന്നു. കാട്ടുപോത്തുകളും മ്ലാവുകളും ഓടുന്നത് കണ്ട് വനപാലകരും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ ഇരുപതേക്കർ മുരളി ഭവനത്തിൽ മോഹനന്റെ വീട്ടിലെ വളർത്തുനായയുടെ കുരകേട്ട് നോക്കിയപ്പോഴാണ് പുലി പട്ടിയെ കടിച്ചെടുത്ത് ഓടിപ്പോകുന്നത് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങിയവരും പുലിയെ കണ്ടതായി പറയുന്നു.
ജനവാസ മേഖല
കോന്നി ഗവ. മെഡിക്കൽ കോളേജിനും സി.എഫ്.ആർ.ഡി കോളേജിനും കേന്ദ്രീയ വിദ്യാലയത്തിനും സമീപത്താണ് പ്രദേശം. കോന്നി വനം ഡിവിഷനിലെ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ താവളപ്പാറ വനമേഖലയോട് ചേർന്ന ജനവാസ മേഖലയാണ് പ്രദേശം.