ആറന്മുള ദേവസ്വം ഗസ്റ്റ് ഹൗസ്: പൊളിഞ്ഞ് കുലുങ്ങിയിട്ടും അധികൃതർക്കില്ല കുലുക്കം

Thursday 22 January 2026 9:48 PM IST

കോഴഞ്ചേരി: ആറന്മുളയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസ് കെട്ടിടം പാളികളായി അടർന്നുവീണ് തുടങ്ങിയിട്ടും അധികൃതർക്ക് കുലുക്കമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ റോഡരുകിലുള്ള ഗസ്റ്റ് ഹൗസാണ് അവഗണനയിലുള്ളത്.

ക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചിക്ക് എതിർവശത്ത് നിലകൊള്ളുന്ന ഇരുനില കെട്ടിടത്തിന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ടി.എൻ.ഉപേന്ദ്രനാഥക്കുറുപ്പാണ് 1981ൽ തറക്കല്ലിട്ടത്. രണ്ടര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. 1983 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തതും അദ്ദേഹമാണ്.

താഴത്തെ നിലയിൽ കാർപോർച്ചും രണ്ട് മുറികളും ടോയ്‌ലെറ്റും ഒന്നാം നിലയിൽ മൂന്ന് മുറികളും മീറ്റിംഗ് ഹാളുമാണ് കെട്ടിടത്തിലുള്ളത്. ശബരിമല ഇടത്താവളം എന്ന നിലയിലും 108 വൈഷ്ണവ കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിലും ദേശീയതലത്തിൽ പ്രശസ്തിയുള്ള ക്ഷേത്രസന്നിധിയിൽ എത്തുന്നവർക്ക് സൗകര്യപ്രദമായ സേവന കേന്ദ്രമായിരുന്നു ദേവസ്വം ഗസ്റ്റ് ഹൗസ്. ദേവസ്വം ബോർഡ് അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും ഔദ്യേഗിക യാത്രകൾക്കിടയിൽ വിശ്രമത്തിന് ഇവിടമാണ് തിരഞ്ഞെടുത്തിരുന്നത്.

ക്ഷേത്രോപദേശക സമിതി യോഗങ്ങളും ഇവിടെയാണ് നടന്നിരുന്നത്. വിവാഹ പാർട്ടികൾക്ക് വിശ്രമത്തിനും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തർക്കും ഏറെ ഉപകാരപ്രദമായിരുന്നു. എന്നാൽ വേണ്ടപോലെ പരിപാലിക്കാതെ കെട്ടിടം നശിക്കുകയായിരുന്നു. ദേവസ്വം ജീവനക്കാർ മാത്രമാണ് ഇപ്പോൾ പ്രാഥമികാവശ്യങ്ങൾക്കും വിശ്രമിക്കാനും കെട്ടിടം ഉപയോഗിക്കുന്നത്.

അറ്റകുറ്റപ്പണികൾ ഇല്ലാതെ നശിച്ചു

 കാലാനുസൃതമായ അറ്റകുറ്റപ്പണികളും പരിഷ്കാരങ്ങളും നടത്തിയില്ല

 2018ലെ പ്രളയത്തോടെ കെട്ടിടം പൂർണമായും നശിച്ചു

 കോൺക്രീറ്റ് മേൽക്കൂര അടർന്ന് കമ്പി തെളിഞ്ഞു

 കാർ പോർച്ചിന്റെ തൂണും മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞു

 ജന്നാലകളും ചില വാതിലുകളും തകർന്നു

 കെട്ടിടത്തിന്റെ സിമന്റ് പ്ലാസ്റ്ററിംഗ് അടർന്ന് ചുടുകട്ടകൾ കാണാം

 കെട്ടിടത്തിന് മുകളിൽ ആൽമരവും കാട്ടുവള്ളികളും വളർന്നു

അപകടാവസ്ഥയിലുള്ള കെട്ടിടം ബലപ്പെടുത്തി നവീകരിക്കാനുള്ള അടിയന്തര നടപടി ദേവസ്വം ബോർഡ് കൈക്കൊള്ളണം.

ഭക്തജനങ്ങൾ