യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

Friday 23 January 2026 12:51 AM IST
മുഹമ്മദ് അലി

കൊച്ചി: ഒരു മാസം മുമ്പ് എറണാകുളം നഗരത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി. കൊല്ലം തൊടിയൂർ സ്വദേശി മുഹമ്മദ് അലിയെയാണ് (26) കൊച്ചി സിറ്റി പൊലീസ് തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഒരു മാസത്തിലേറെയായി കൊല്ലം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഇയാൾക്കായി വ്യാപക തെരച്ചിൽ തുടരുകയായിരുന്നു.

ഡിസംബർ അഞ്ചിന് രാത്രിയാണ് കോട്ടയം കാഞ്ഞിരപ്പള്ളി വട്ടക്കപ്പാറ സ്വദേശി അഭിജിത്ത് വിനീഷിനെ എറണാകുളം നോർത്ത് കലാഭവൻറോഡിന് സമീപം റെയിൽവേ ട്രാക്കിനടുത്ത പൂട്ടിക്കിടന്ന വീട്ടിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് അഭിജിത്തും മുഹമ്മദ് അലിയും കലാഭവൻ റോഡ് വഴി കൊലപാതകം നടന്ന വീട്ടിലേക്ക് നടന്നു പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കല്ലു കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ക്ഷതമേറ്റായിരുന്നു മരണം. അഭിജിത്തിന്റെ മൊബൈൽ ഫോൺ വീടിന് സമീപത്തെ റോഡരികിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുഹമ്മദ് അലിയെ 2025 സെപ്തംബർ 17ന് നോർത്ത് മേൽപ്പാലത്തിന് സമീപം യുവാക്കളെ കവർച്ച ചെയ്ത കേസിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ കുറ്റവാളി കൊടിമരം ജോസിന്റെ കൂട്ടാളിയാണ് ഇയാൾ.