നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിലേക്ക് , കാർഡിന് രൂപരേഖയായി
തിരുവനന്തപുരം: ജന്മംകൊണ്ട് കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ നേറ്രിവിറ്റി കാർഡിന് രൂപരേഖയായി. ബിൽ നിയമസഭയുടെ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കേരളത്തിന് പുറത്ത് ജനിച്ചവ്യക്തികൾക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസീൽദാരാണ് കാർഡ് അനുവദിക്കുന്നത്. തഹസീൽദാർ നേറ്റിവിറ്റി കാർഡ് അനുവദിക്കാത്തതിലോ, അനുവദിച്ചതിലോ ആക്ഷേപമുണ്ടെങ്കിൽ ആർ.ഡി.ഒയ്ക്ക് അപ്പീൽ സമർപ്പിക്കാം. ആർ.ഡി.ഒയുടെ അപ്പീൽ ഉത്തരവിൽ ആക്ഷേപമുള്ള പക്ഷം ജില്ലാ കളക്ടർക്ക് റിവിഷൻ ഹർജി സമർപ്പിക്കാം.
രണ്ടു നിബന്ധനകൾ
1. മാതാപിതാക്കൾ രണ്ടുപേരും കേരളത്തിൽ ജനിച്ചുവളർന്നവർ ആണെങ്കിൽ
2. മാതാപിതാക്കളിൽ ഒരാൾ കേരളത്തിലും മറ്റെയാൾ മറ്റൊരു സംസ്ഥാനത്തും ജനിച്ചുവളർന്നതാണെങ്കിലും വിവാഹശേഷം രണ്ടുപേരും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ.
അപേക്ഷാ വിവരങ്ങൾ
# പേര്, ജനിച്ചവർഷം, സ്വദേശി പദവി, മാതാപിതാക്കളുടെ പേരുവിവരം, സ്ഥിരമേൽവിലാസം, റേഷൻകാർഡ് നമ്പർ (ആവശ്യമെങ്കിൽ), ആധാർ കാർഡ് നമ്പർ (ആവശ്യമെങ്കിൽ), ഇലക്ഷൻ ഐ.ഡി കാർഡ് (ആവശ്യമെങ്കിൽ).
അപേക്ഷിക്കേണ്ടത്
വില്ലേജ് ഓഫീസർക്ക്
1. അപേക്ഷകൾ ഇ- ഡിസ്ട്രിക്ട് പോർട്ടൽ വഴി വില്ലേജ് ഓഫീസർക്ക് സമർപ്പിക്കണം
2. വില്ലേജ് ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് സഹിതം തഹസീൽദാർക്ക് കൈമാറണം.
3. അപേക്ഷയും റിപ്പോർട്ടും പരിശോധിച്ച് തഹസീൽദാർ നേറ്റിവിറ്റി കാർഡ് അനുവദിക്കും
കാർഡിന്റെ പ്രയോജനം
1. ഫോട്ടോ പതിച്ച കാർഡ് കൊണ്ട് ജനനം, സ്ഥിര മേൽവിലാസം, എന്നിവ സംസ്ഥാന സർക്കാർ തന്നെ സ്ഥിരീകരിക്കുന്നതോടെ വ്യക്തികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
2. സംസ്ഥാന സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡ് ഉപയോഗിക്കാം.