വേറിട്ട രാഷ്ട്രീയപാത വെട്ടിയ ട്വന്റി 20 എൻ.ഡി.എയിൽ
തിരുവനന്തപുരം: പരമ്പരാഗത രാഷ്ട്രീയ ശൈലിക്ക് ബദലായി ഉയർന്നുവന്ന് ജനശ്രദ്ധ പിടിച്ചുപറ്റുകയും തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയും ചെയ്ത ട്വന്റി 20പാർട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ ചേർന്നു. പത്തുവർഷം ഒറ്റയ്ക്ക് പിടിച്ചുനിന്ന പാർട്ടിയാണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ സാന്നിദ്ധ്യം എറണാകുളത്ത് വലിയഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. പാർട്ടി അദ്ധ്യക്ഷൻ സാബു എം.ജേക്കബും ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബി.ജെ.പി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ നിർണായക നീക്കമാണിത്.
ഇന്നലെ ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിൽ രാജീവ് ചന്ദ്രശേഖറും സാബു എം.ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേ, കൊച്ചിയിലും ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി എത്തിയപ്പോൾ സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലാണ് ധാരണയായത്. എൻ.ഡി.എ പ്രവേശനം ജീവിതത്തിലെ നിർണായക തീരുമാനമാണെന്ന് സാബു ജേക്കബ് പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ
നാലിടത്ത് ഭരണം
2015ൽ രജിസ്റ്റർ ചെയ്ത ട്വന്റി 20ക്ക് നാല് തദ്ദേശസ്ഥാപനങ്ങളിൽ ഭരണമുണ്ട്. രണ്ട് ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ളോക്ക് പഞ്ചായത്തുകളിലും മുഖ്യപ്രതിപക്ഷവുമാണ്. ആകെ 89തദ്ദേശവാർഡ് പ്രതിനിധികളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15%വോട്ടും തദ്ദേശതിരഞ്ഞെടുപ്പിൽ 12%വോട്ടും നേടി.
കേരളത്തിലെ വിവാദ രാഷ്ട്രീയ ശൈലിയിൽ നിന്ന് മാറി വികസന രാഷ്ട്രീയശൈലി സ്വീകരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി.യും എൻ.ഡി.എയും നടത്തുന്നത്. അതിനോട് ചേർന്നുനിൽക്കുന്ന സമീപനമാണ് ട്വന്റി 20ക്കുള്ളത്.
-രാജീവ് ചന്ദ്രശേഖർ,
ബി.ജെ.പി സംസ്ഥാന
അദ്ധ്യക്ഷൻ
വികസന രാഷ്ട്രീയത്തിൽ ഊന്നിയുള്ള ട്വന്റി 20യുടെ പ്രവർത്തനം ഇല്ലാതാക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു- വലതുമുന്നണിയിലെ എല്ലാപാർട്ടികളും വെൽഫയർപാർട്ടിയും എസ്.ഡി.പി.ഐയും ചേർന്നുള്ള കൂട്ടായ്മ ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് എൻ.ഡി.എ.യുമായി സഹകരിക്കാൻ തീരുമാനിച്ചത്.
-സാബു എം.ജേക്കബ്,
ട്വന്റി 20പാർട്ടി അദ്ധ്യക്ഷൻ