വാസുവിനെതിരെ സുപ്രീംകോടതി ,​ ഭക്തനായി വന്ന് കൊള്ള

Friday 23 January 2026 12:51 AM IST

ന്യൂഡൽഹി: 'ഭക്തനെന്ന് അവകാശപ്പെട്ടുകൊണ്ട് ദൈവത്തെ കൊള്ളയടിച്ചിരിക്കുന്നു'-ശബരിമല സ്വർണക്കൊള്ളകേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എൻ.വാസു സമർപ്പിച്ച ജാമ്യാപേക്ഷ നിമിഷങ്ങൾക്കുള്ളിൽ തള്ളിക്കൊണ്ട് സുപ്രീംകോടതി നിലപാട് കടുപ്പിച്ചു.

സ്വർണക്കൊള്ള നടന്ന കാലയളവിൽ വാസു ദേവസ്വം കമ്മിഷണർ എന്ന സുപ്രധാന ചുമതലയിലായിരുന്നു. സ്വർണപ്പാളികളിൽ വീണ്ടും സ്വ‌ർണം പൂശുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. മൂന്നാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശ‌ർമ്മ എന്നിവരടങ്ങിയ ബെഞ്ച് വിമർശനമുന്നയിച്ചത്. ദൈവത്തെ പോലും വെറുതെ വിടുന്നില്ലെന്ന് 5ന് വിമർശിച്ചിരുന്നു.

ഹൈക്കോടതിയുടെ പ്രതികൂല പരാമർശങ്ങൾ നീക്കാൻ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് അന്ന് നിലപാട് വ്യക്തമാക്കിയത്.

വാസു 72 ദിവസത്തിലധികമായി ജയിലിലാണെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. 75 വയസ് പിന്നിട്ടു. ആരോഗ്യസ്ഥിതി പരിഗണിക്കണം. ഗൂഢാലോചനയിൽ പങ്കില്ല. എസ്.ഐ.ടിയുടെ അന്വേഷണവുമായി സഹകരിച്ചു. തെളിവെടുപ്പ് പൂർത്തിയായി. തിരുവാഭരണം കമ്മിഷണർ ആയിരുന്നില്ല. അതിനാൽ സ്വർണം പൂശലുമായി ബന്ധമില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.

സ്വർണപാളികൾ ചെമ്പാണെന്ന് എഴുതാൻ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു നിർദ്ദേശം നൽകിയെന്നാണ് ആരോപണം.

കടകംപള്ളി- പോറ്റി സാമ്പത്തിക

ഇടപാ‌‌ടിലേക്ക് എസ്.ഐ.ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരിൽ നിന്ന്

എസ്.ഐ.ടിക്ക് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. അടുത്തയാഴ്ച തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും നീക്കമുണ്ട്. ഒരു ദിവസത്തേക്ക് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലാണ് പുതിയ പല വിവരങ്ങളും കിട്ടിയത്.

മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എസ്.ഐ.ടി വിശദമായ അന്വേഷണം തുടങ്ങി. കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷണമുണ്ട്. നേരത്തേ കടകംപള്ളിയെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തൽ. കടകംപള്ളിക്ക് അടക്കം ഉപഹാരങ്ങൾ നൽകിയതായി പോറ്റി വെളിപ്പെടുത്തിയിരുന്നു.