എം.സി റോഡിൽ ഇടിഞ്ഞില്ലത്ത് കക്കൂസ് മാലിന്യം തള്ളി പ്രദേശത്ത് രൂക്ഷ ദുർഗന്ധം, പരാതിയുമായി നാട്ടുകാർ

Friday 23 January 2026 2:01 AM IST
മാലിന്യം തള്ളിയ എം.സി റോഡിലെ ഇടിഞ്ഞില്ലത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ

തിരുവല്ല : രാത്രികാലങ്ങളിൽ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശവാസികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കി. ഒരു മാസമായി ഇടിഞ്ഞില്ലം, വേങ്ങൽ, ആലന്തുരുത്തി പോസ്‌റ്റോഫീസ് പടി എന്നിവിടങ്ങളിലാണ് മാലിന്യം തള്ളൽ പതിവായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 10.30നാണ് ചങ്ങനാശേരിയിൽ നിന്ന് വന്ന വാഹനം എം.സി റോഡരുകിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത്. സമീപത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ സ്ഥലത്തെത്തി. ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.

ജില്ലാ കളക്ടർക്ക് പരാതി നൽകും

വീടുകൾക്ക് സമീപത്തെ കൃഷിയിടങ്ങൾ, കിണറുകൾ, കുളങ്ങൾ എന്നിവിടങ്ങളിലേക്ക് മാലിന്യം ഒഴുകിയെത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ, വാർഡ് മെമ്പർ ലീന ജോസഫ്, ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് അറിയിച്ചു.

....................................................

ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വഴിനീളെ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ അധികൃതർ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണം.

(പ്രദേശവാസികൾ)

...............................................

1. മാലിന്യം തള്ളിയത് ചൊവ്വാഴ്ച രാത്രി 10.30ന് ചങ്ങനാശേരിയിൽ നിന്ന് വന്ന വാഹനം

2. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു