റായ്പുരിൽ രണ്ടാമങ്കം
ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ട്വന്റി-20 ഇന്ന് റായ്പുരിൽ
7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്
റായ്പുർ : ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് ട്വന്റി-20 കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഛത്തിസ്ഗഡിലെ റായ്പുരിൽ നടക്കും. കഴിഞ്ഞദിവസം നാഗ്പുരിൽ നടന്ന ആദ്യ മത്സരത്തിൽ 48 റൺസ് വിജയം നേടിയ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
നാഗ്പുരിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 238/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ന്യൂസിലാൻഡ് 190/7ലൊതുങ്ങുകയായി രുന്നു. അഭിഷേക് ശർമ്മയുടെയും (35 പന്തുകളിൽ 84 റൺസ്) റിങ്കുസിംഗിന്റെയും (20 പന്തുകളിൽ 44 ), സൂര്യകുമാർ യാദവിന്റേയും (32), ഹാർദിക് പാണ്ഡ്യയുടേയും (25) ബാറ്റിംഗ് മികവിലാണ് 200 കടന്നത്.ന്യൂസിലാൻഡിനായി ഗ്ളെൻ ഫിലിപ്പ്സും (78), ചാപ്പ്മാനും(39), ഡാരിൽ മിച്ചലും (28), ക്യാപ്ടൻ സാന്റ്നറും (20*) പൊരുതിയിട്ടും ഫലമുണ്ടായില്ല. രണ്ടുവിക്കറ്റുകളുമായി വരുൺ ചക്രവർത്തിയും ശിവം ദുബെയും ഓരോവിക്കറ്റുമായി അർഷ്ദീപും ഹാർദിക്കും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീഴ്ത്തി.
അടുത്തമാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇരുടീമുകളുടെയും അവസാന തയ്യാറെടുപ്പിനുള്ള അവസരമാണ് ഈ പരമ്പര. ലോകകപ്പ് ഇലവനിൽ സ്ഥാനമുറപ്പിക്കാനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷളവുമായാണ് താരങ്ങൾ കളത്തിലിറങ്ങുന്നത്.
അവസരം മുതലാക്കിയതും കളഞ്ഞതും
റിങ്കു സിംഗ്
കഴിഞ്ഞ വർഷം ആകെ അഞ്ച് മത്സരത്തിൽ മാത്രം അവസരം ലഭിച്ച റിങ്കു സിംഗ് ഈ വർഷം കിട്ടിയ ആദ്യ ചാൻസ് അടിപൊളിയാക്കി.20 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ നേടിയ 44 റൺസ് ഫിനിഷർ എന്ന നിലയിലെ തന്റെ സ്ഥാനമുറപ്പിക്കാൻ ഉതകുന്നതായിരുന്നു.
സൂര്യകുമാർ
മൂന്നാം ഓവറിൽ നാലാമനായി കളത്തിലേക്ക് ഇറങ്ങേണ്ടിവന്ന സൂര്യയ്ക്ക് 22 പന്തുകൾ നേരിടാനും 32 റൺസ് നേടാനും കഴിഞ്ഞത് ആശ്വാസമായി. കഴിഞ്ഞ 22 ഇന്നിംഗ്സുകളായി അർദ്ധസെഞ്ച്വറി നേടാൻ കഴിയാതിരുന്ന ഇന്ത്യൻ ക്യാപ്ടന്
ഇനിയുള്ള മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാം.
സഞ്ജു സാംസൺ ഗിൽ ഇല്ലാത്തതിനാൽ ഇഷ്ടപ്പെട്ട ഓപ്പണിംഗ് പൊസിഷനിൽ ഇറങ്ങാൻ അവസരം ലഭിച്ചിട്ടും സഞ്ജുവിന് നേടാനായത് ഏഴുപന്തുകളിൽ 10 റൺസ് മാത്രം. രണ്ടുബൗണ്ടറികൾ പായിച്ചെങ്കിലും ഗ്രൗണ്ടിൽ ബൗളർക്ക് മേൽ മാനസികാധിപത്യം നേടാനാകുന്നില്ല. കീപ്പറായി നല്ളൊരു ക്യാച്ചെടുത്തു.
ഇഷാൻ കിഷൻ
ശ്രേയസ് അയ്യരെ ബെഞ്ചിലിരുത്തി ക്യാപ്ടൻ നൽകിയ അവസരം ഇഷാൻ കിഷനും കളഞ്ഞുകുളിച്ചു. നേരിട്ട ആദ്യ പന്തിൽ നേടിയ സ്ട്രെയ്റ്റ് ബൗണ്ടറി പ്രതീക്ഷയുണർത്തിയെങ്കിലും എട്ടുറൺസുമായി മടങ്ങേണ്ടിവന്നു. ഇനിയുള്ള മത്സരങ്ങൾ ഇഷാന് നിർണായകമാകും.