ശബരിമല സ്വർണക്കൊള്ള: തന്ത്രിയെ ചോദ്യം ചെയ്തു
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ കൊല്ലം പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തു.
രാവിലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ തന്ത്രിയെ, കോടതി ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള ബന്ധം, ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത തേടി. ചോദ്യംചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് അയച്ചു. തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 28ന് കോടതി പരിഗണിക്കും.
കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പക്കേസിലും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രണ്ട് കേസുകളിലും ഒക്ടോബർ 22നാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്. 90 ദിവസം ചൊവ്വാഴ്ച പൂർത്തിയായ പശ്ചാത്തലത്തിലാണ് ജാമ്യഹർജി സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹനെന്നാണ് മുരാരി ബാബുവിന്റെ വാദം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിജു രാജൻ കോടതിയിൽ ഹാജരായി.
മുരാരി ബാബുവിന് ജാമ്യം കിട്ടാൻ സാദ്ധ്യത
തിരുവനന്തപുരം: ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിന് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ സാദ്ധ്യത. ശബരിമല സ്വർണക്കൊള്ള കേസിൽ ഒക്ടോബർ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസം കഴിഞ്ഞും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. കട്ടിള, ദ്വാരപാലക കേസുകളിൽ ഒരേ ദിവസമാണ് മുരാരി ബാബു അറസ്റ്റിലായത്.