ലൈഫ് സയൻസ് മേഖലയിലെ നാഴികക്കല്ലാകുന്ന സാങ്കേതിക, സംരംഭകത്വ ഹബ്ബ് ശിലാസ്ഥാപനം ഇന്ന്

Friday 23 January 2026 12:14 AM IST

സംസ്ഥാന സർക്കാർ സൗജന്യമായി അനുവദിച്ച

10 ഏക്കർ ഭൂമിയിൽ 

തിരുവനന്തപുരം: സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകുന്ന ലൈഫ് സയൻസസ് മേഖലയിലെ സി.എസ്.ഐ.ആർ--എൻ.ഐ.ഐ..എസ്.ടി സാങ്കേതിക, സംരംഭകത്വ ഹബ്ബിന്റെ ശിലാസ്ഥാപനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. സംസ്ഥാനത്തിന്റെ വ്യവസായ-ശാസ്ത്ര മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടാണ് തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ ഒരുങ്ങുക.

സംസ്ഥാന സർക്കാർ സൗജന്യമായി അനുവദിച്ച 10 ഏക്കർ ഭൂമിയിലാണ് ഹബ്ബ് സ്ഥാപിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ബയോ 360 ലൈഫ് സയൻസസ് പാർക്കുമായും സി.എസ്.ഐ.ആർ--എൻ.ഐ.ഐ.എസ്.ടി യുമായും 2024ൽ ആരംഭിച്ച ചർച്ചകളുടെ തുടർച്ചയായി മന്ത്രിസഭാ തീരുമാനത്തിലൂടെയാണ് പദ്ധതിക്കായി ഭൂമി അനുവദിച്ചത്. 2024ൽ സംഘടിപ്പിച്ച ബയോകണക്ട് 2.0 അന്താരാഷ്ട്ര കോൺക്ലേവിൽ പദ്ധതി പ്രഖ്യാപിക്കുകയും 2025ലെ ബയോകണക്ട് 3.0 അന്താരാഷ്ട്ര കോൺക്ലേവിൽ ഭൂമി കൈമാറ്റം പൂർത്തിയാക്കുകയും ചെയ്തിരുന്നു. 50 കോടി രൂപയ്ക്ക് മുകളിൽ വിലവരുന്ന ഭൂമിയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ സൗജന്യമായി നല്‍കിയത്.

പദ്ധതി പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വ്യവസായ വളർച്ച വേഗത്തിലാക്കാനും സാധിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ ബയോടെക് സംരംഭകർ ലൈഫ് സയൻസസ് പാർക്കിൽ നിക്ഷേപത്തിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ ഗവേഷണം, വ്യവസായവത്ക്കരണം, സംരംഭകത്വം എന്നിവ ഏകോപിപ്പിച്ച സമഗ്ര ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

പ്രോ ബയോട്ടിക്‌സ്, ബയോ ആക്റ്റീവ് ഫുഡ്‌സ്, ആൾട്ടർനേറ്റീവ് പ്രോട്ടീനുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, ബയോപോളിമേഴ്‌സ് തുടങ്ങിയ മേഖലകൾ ബയോമാനുഫാക്ചറിംഗ് ഹബ്ബ് പദ്ധതിയിൽ ഉൾപ്പെടും. പ്ലാസ്റ്റിക്, ലെതർ എന്നിവയ്ക്ക് പകരമായ ബയോ അധിഷ്ഠിത ഉത്പ്പന്നങ്ങൾ വികസിപ്പിക്കുന്ന സെന്ററും റബർ, കയർ സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കേരളത്തിന്റെ പരമ്പരാഗത ഇനങ്ങളെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന റീജിയണൽ റിസോഴ്സ് ഡെവലപ്‌മെന്റ് സെന്ററും പദ്ധതിയിൽ ഉൾപ്പെടും.