നിയമസഭയിൽ അയ്യപ്പ പാരഡി, സഭയെ ബഹളത്തിൽ മുക്കി ഇരുപക്ഷവും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പരസ്പരം ആരോപണങ്ങളുമായി ഭരണ, പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ നിയമസഭ പ്രക്ഷുബ്ധമായി. 'സ്വർണം കട്ടവനാരപ്പാ" എന്ന പാട്ട് പാടിയായിരുന്നു ഇരുപക്ഷവും സഭയെ ബഹളത്തിൽ മുക്കിയത്. സ്പീക്കറുടെ മുഖം മറച്ച് ബാനറുയർത്തി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ 'സഖാക്കളാണേ അയ്യപ്പാ" എന്നു വിളിച്ചപ്പോൾ, മറുഭാഗത്ത് നടുത്തളത്തിൽ അണിനിരന്ന ഭരണപക്ഷ അംഗങ്ങൾ 'കോൺഗ്രസാണേ അയ്യപ്പാ" എന്ന് ഉച്ചത്തിൽ വിളിച്ചു. ബഹളം കടുത്തതോടെ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് ഇന്നലെ സഭ പിരിഞ്ഞു.
രാവിലെ 9ന് സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിക്കാനെഴുന്നേറ്റു. ചരമോപചാരത്തിനു ശേഷമാവാമെന്ന് സ്പീക്കർ അറിയിച്ചു. ശബരിമലയിൽ 2024-25 കാലത്ത് ഗുരുതരമായ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്നും എസ്.ഐ.ടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സമരത്തിലായതിനാൽ സഭാനടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സതീശൻ അറിയിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി- 'സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ" എന്നെഴുതിയ ബാനർ ഉയർത്തി സ്പീക്കറുടെ കാഴ്ച മറച്ചു. പിന്നാലെ, ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിൽ പ്രതിപക്ഷാംഗങ്ങൾക്ക് അഭിമുഖമായി നിലയുറപ്പിച്ച് ബഹളം തുടങ്ങി. പരസ്പരം വാക്കേറ്റവുമുണ്ടായി.
അടിയന്തരപ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കുമെന്ന ഭയമാണ് പ്രതിപക്ഷത്തിനെന്നും അതാണ് നോട്ടീസ് നൽകാതെ സഭയിൽ തിണ്ണമിടുക്ക് കാട്ടുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പിന്നാലെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിന് സി.കെ.ഹരീന്ദ്രനെ ക്ഷണിച്ചു. അതോടെ പ്രതിപക്ഷം ബഹളം കടുപ്പിച്ചു.
ചോദിക്കേണ്ടത് സോണിയയോട്
സ്വർണം കട്ടതാരപ്പാ എന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനോടാണ് ചോദിക്കേണ്ടതെന്നും ഉത്തരം മതിയാവാതെ വന്നാൽ ഡൽഹിയിൽ സോണിയാഗാന്ധിയുടെ വീട്ടിൽപോയി ചോദിക്കണമെന്നും എം.ബി.രാജേഷ് പറഞ്ഞു. കട്ടവനും കട്ടമുതൽ വാങ്ങിയവനും ഒരേ ഫ്രെയിമിൽ വന്നത് സോണിയയ്ക്കൊപ്പമാണ്. കോൺക്രീറ്റ് കൊടിമരത്തിന് ചിതലരിച്ചെന്ന് കഥയുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ് പ്രതിപക്ഷം. യഥാർത്ഥ പ്രതികൾ അകത്താവുമ്പോൾ പാടാൻ ഒരു പാട്ട് ബാക്കിവച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
മന്ത്രിയുടെ മുദ്രാവാക്യം വിളി
സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സബ്മിഷന് മറുപടി നൽകവേ മന്ത്രി വി.ശിവൻകുട്ടി 'സ്വർണം കട്ടവനാരപ്പാ, കോൺഗ്രസാണേ അയ്യപ്പാ" എന്ന് നാലുവട്ടം ഭരണകക്ഷി അംഗങ്ങൾക്ക് വിളിച്ചുകൊടുത്തു. അവർ ഏറ്റുവിളിച്ചു. സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും സോണിയയുടെ വീട്ടിൽ സ്വർണമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സോണിയയുടെ കൈയിൽ കെട്ടിക്കൊടുത്തത് എവിടത്തെ സ്വർണമാണെന്ന് ശിവൻകുട്ടി ചോദിച്ചു. സ്പീക്കർ ഇടപെട്ടാണ് ശിവൻകുട്ടിയെ നിയന്ത്രിച്ചത്.
ക്ഷുഭിതനായി സ്പീക്കർ
ഗവർണറുടെ പ്രമേയത്തിന് നന്ദിരേഖപ്പെടുത്തുന്ന ഉപക്ഷേപം ടി.പി. രാമകൃഷ്ണൻ അവതരിപ്പിച്ചു. പിന്നാലെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് ടി.പി. രാമകൃഷ്ണനെ സ്പീക്കർ ക്ഷണിച്ചതോടെ പ്രതിപക്ഷം ബഹളം കടുപ്പിച്ചു. സഭയിൽ 17അടിയന്തര പ്രമേയം ചർച്ച ചെയ്തെന്നും ഏത് വിഷയവും ചർച്ചചെയ്യാൻ തയ്യാറാണെന്നും നോട്ടീസ് നൽകാതെ സഭ അലങ്കോലമാക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ നേതാവിനോട് അംഗങ്ങളെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതൊരു ഉദാത്ത മാതൃകയല്ലെന്നും പാർലമെന്ററി ജനാധിപത്യത്തിൽ അനുകരണീയമായ മാതൃകയല്ലെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ ഭരണപക്ഷ അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങി.
സോണിയയ്ക്കെതിരായ അധിക്ഷേപം നീക്കംചെയ്യണം:വി.ഡി. സതീശൻ
തിരുവനന്തപുരം: സോണിയ ഗാന്ധിക്കെതിരെ നിയമസഭയിൽ മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശം സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 285ൽ, സ്പീക്കർക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെ ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അപകീർത്തികരമോ കുറ്റം ചുമത്തുന്നതോ ആയ യാതൊരു ആരോപണവും സഭാതലത്തിൽ ഉന്നയിക്കാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം ആരോപണം ഉന്നയിക്കുന്നതിനു നോട്ടീസ് നൽകുമ്പോൾ അതു സംബന്ധിച്ച തെളിവുകൾ കൂടി ഉൾപ്പെടുത്തണം എന്നാണ് കീഴ് വഴക്കമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
27ന് കാണാം
സഭ നടത്താതിരിക്കുകയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും വെള്ളിയാഴ്ചത്തെ സമ്മേളനം ഒഴിവാക്കി ചൊവ്വാഴ്ച ചേരുന്നതാവും നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അംഗീകരിച്ച സ്പീക്കർ, സഭ ഇന്നലത്തേക്ക് പിരിയുകയാണെന്നും 27ന് വീണ്ടും ചേരുമെന്നും അറിയിച്ചു.