``തടവുകാരുടെ പ്രതിഫലം കൂട്ടി, ഞങ്ങൾക്ക് ഡി.എ നിഷേധിച്ചു`` #ഹൈക്കോടതിയിൽ യൂണി. അദ്ധ്യാപകരുടെ സത്യവാങ്മൂലം
കൊച്ചി: തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിച്ച സർക്കാർ, ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത (ഡി.എ) കുടിശിക നിഷേധിക്കുകയാണെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ. ഡി.എ അവകാശമല്ലെന്ന സർക്കാരിന്റെ സത്യവാങ്മൂലത്തെ എതിർത്ത് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഈ വാദം.
ഡി.എ അവകാശമല്ലെന്ന നിലപാട് നിയമവിരുദ്ധമാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡിഷ്യൽ ഓഫീസർമാർക്കും ഡി.എ കുടിശിക അനുവദിച്ചിട്ടുണ്ട്. ഇത് വിവേചനമാണ്. വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കാത്തതിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന ന്യായീകരണം അംഗീകരിക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഡി.എ നിഷേധിക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.
ഡി.എയുടെ ഏഴ് ഗഡുക്കൾ നൽകാനുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ സമ്മതിച്ചതാണ്. എന്നാൽ കുടിശികയില്ലെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. സർവകലാശാലാ ജീവനക്കാരുടെ പരിഷ്കരിച്ച ക്ഷാമബത്ത കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ജസ്റ്റിസ് എൻ. നഗരേഷ് ഇന്ന് പരിഗണിക്കാൻ മാറ്റി. 2021 ജനുവരി മുതലുള്ള കുടിശികയിൽ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
തടവുകാരുടെ വേതന വർദ്ധന ഹൈക്കോടതിയിൽ ഉന്നയിച്ച് പ്രീപ്രൈമറി ജീവനക്കാർ
കൊച്ചി: ഖജനാവിൽ പണമില്ലെന്ന വാദം പൊളിക്കാൻ, തടവുകാരുടെ വേതനം വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രീപ്രൈമറി ജീവനക്കാർ. മുൻകാല പ്രാബല്യത്തോടെ പ്രീപ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കുമുള്ള ഓണറേറിയം വർദ്ധിപ്പിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായിരുന്നു. ഇതിനെതിരായ സർക്കാരിന്റെ അപ്പീലിനെ പ്രതിരോധിച്ച് സമർപ്പിച്ച അധിക സത്യവാങ്മൂലത്തിനൊപ്പമാണ് തടവുകാരുടെ പ്രതിഫല വിവരം ചേർത്തത്. ഹൈക്കോടതി വിധി സാമ്പത്തിക ഭാരമേറ്റുമെന്നാണ് സർക്കാരിന്റെ വാദം. തടവുകാരൻ വിദഗ്ദ്ധ തൊഴിലാളിയാണെങ്കിൽ 18,600 രൂപ പ്രതിമാസം കിട്ടും. മറ്റു ചെലവുകളുമില്ല. പ്രീപ്രൈമറി അദ്ധ്യാപകർക്ക് 12500 രൂപയും ആയയ്ക്ക് 7500 രൂപയുമാണു കിട്ടുന്നത്. തടവുകാരുടെ മെനുവിൽ വൈവിദ്ധ്യമാർന്ന ഭക്ഷണം ഉള്ളപ്പോൾ പ്രീപ്രൈമറി കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ടില്ലെന്നത് പതിവുപല്ലവിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.