രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച, ചണ്ഡിഗഡിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

Thursday 22 January 2026 11:26 PM IST

തിരുവനന്തപുരം : മംഗലപുരം കെ.സി.എ സ്റ്റേഡിയത്തില്‍ ഇന്നലെ ഛണ്ഡിഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം 40 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 95/2. രോഹിത് ധന്‍ധ എറിഞ്ഞ 41-ാംഓവറിന്റെ ആദ്യപന്തില്‍ സച്ചിന്‍ ബേബി (41 റണ്‍സ്) എല്‍.ബിയില്‍ കുരുങ്ങി പുറത്തായി. പിന്നെ സംഭവിച്ചതെന്തെന്ന് കേരള ബാറ്റര്‍മാര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും 56 ഓവറില്‍ 139 റണ്‍സിന് കേരളം ആള്‍ഔട്ട്. 16 ഓവറിനിടെ 44 റണ്‍സ് കൂടി നേടുന്നതിനിടയില്‍ കൂടാരം കയറിയ കേരള ബാറ്റര്‍മാര്‍ ഏഴ് !. മറുപടിക്കിറങ്ങിയ ഛണ്ഡിഗഡ് അപ്രതീക്ഷിതമായികിട്ടിയ അവസരം നന്നായി മുതലാക്കി ആദ്യദിനം കളിനിറുത്തുമ്പോള്‍ 142/1 എന്ന നിലയിലെത്തി. മൂന്ന് റണ്‍സിന്റെ ലീഡ്.

ഓപ്പണര്‍ അഭിഷേക് നായരെ (1) രണ്ടാം ഓവറിലും ആകര്‍ഷിനെ(14) 17ാം ഓവറിലും നഷ്ടമായപ്പോള്‍ കേരളം 37/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് സച്ചിന്‍ ബേബിയും ബാബ അപരാജിത്തും (49) ചേര്‍ന്ന് കരകയറ്റിക്കൊണ്ടു വരുമ്പോഴാണ് ധന്‍ധ സച്ചിനെ പുറത്താക്കിയത്. ഇതേഓവറില്‍ വിഷ്ണു വിനോദിനെയും (0) ധന്‍ധ കൂടാരം കയറ്റി.

തുടര്‍ന്ന് ബാബ അപരാജിത്ത്, ക്യാപ്ടന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (4), അങ്കിത് ശര്‍മ്മ(1), ശ്രീഹരി നായര്‍ (0),ഏദന്‍ ആപ്പിള്‍ ടോം (0), എം.ഡി നിതീഷ് (1) എന്നിവര്‍ വരിവരിയായി കൂടാരം കയറിയതോടെയാണ് കേരളം ചീട്ടുകൊട്ടാരമായത്. ഛണ്ഡിഗഡിനായി നിഷുങ്ക് ബിര്‍ല നാലും ധന്‍ധ മൂന്നും ജഗ്ജിത്ത് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ചേസിംഗിനിറങ്ങിയ ചണ്ഡിഗഡിന് ഓപ്പണര്‍ നിഖില്‍ താക്കൂറിന്റെ (11) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. കളിനിറുത്തുമ്പോള്‍ അര്‍ജുന്‍ ആസാദും (78 നോട്ടൗട്ട്) ക്യാപ്ടന്‍ മനന്‍ വോറ(51*)യുമാണ് ക്രീസില്‍.