മാദ്ധ്യമങ്ങൾക്കു മുന്നിൽ ഇടത് നവായി കെ.കെ.ശൈലജ
തിരുവനന്തപുരം: ഭരണ, പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാനടപടികൾ സ്തംഭിച്ച ശേഷം നിയമസഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിച്ചത് കെ.കെ.ശൈലജ. ഇടതു പക്ഷത്തെ മറ്രു നേതാക്കളും അവർക്കൊപ്പമുണ്ടായിരുന്നു. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തമായും അവർ മറുപടി നൽകി.
പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലിൽ കയറ്റിയത് ഇടതുപക്ഷമാണെന്നും ശൈലജ പറഞ്ഞു. അതു മറച്ചുവച്ച്, ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. ശബരിമലയിലെ യഥാർത്ഥ പ്രശ്നം എന്ത് എന്ന് നിയമസഭയ്ക്ക് അകത്ത് ചർച്ച ചെയ്യാമായിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുമെന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ടാണ് നോട്ടീസ് അവതരിപ്പിക്കാതെ അവർ സഭ സ്തംഭിപ്പിക്കാൻ ശ്രമിച്ചത്. പ്രതിപക്ഷം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് പ്രവേശനം ലഭിക്കാൻ പ്രയാസമുള്ളിടത്ത് സോണിയ ഗാന്ധിക്കൊപ്പം പോറ്റിയും സ്വർണം വാങ്ങിയ ആളും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി.