നാഗമ്പടം ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിൽ മഹാഗുരുപൂജ

Friday 23 January 2026 12:37 AM IST

ശിവഗിരി:കോട്ടയത്തെ ശ്രീനാരായണ വിശ്വാസികളുടെ ആത്മീയ കേന്ദ്രമായ കോട്ടയം നാഗമ്പടം ക്ഷേത്രത്തിലെ 113-ാമത് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽനിന്ന് ഇന്ന് ശിവഗിരിയിൽ മഹാഗുരുപൂജ നടത്തും. ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതും ആദ്യകാല എസ്.എൻ.ഡി.പി ശാഖകൾക്ക് സർട്ടിഫിക്കറ്റുകൾ നല്കിയതും കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിൽ വിശ്രമിക്കുന്ന വേളയിലാണ്.ഗുരുദേവന്റെ കല്പന പ്രകാരം ശിഷ്യപ്രമുഖൻ ബോധാനന്ദ സ്വാമിയായിരുന്നു ക്ഷേത്രപ്രതിഷ്ഠ നിർവഹിച്ചത്.മകരമാസത്തിലെ ഉത്രട്ടാതി മുതൽ തിരുവാതിര വരെയുള്ള ദിവസങ്ങളിലാണ് വർഷം തോറും ക്ഷേത്രോത്സവം നടക്കുന്നത്.മഹാകവി കുമാരനാശാന് ആദ്യമായി സ്‌മാരകം ഉയർന്നതും ക്ഷേത്രത്തോട് ചേർന്നാണ്.നാഗമ്പടം ക്ഷേത്രത്തിലെ ചടങ്ങിൽ സംബന്ധിക്കുന്നതിനുള്ള യാത്രയിലാണ് റെഡിമർ ബോട്ട് അപകടത്തിൽ ആശാന്റെ ദേഹവിയോഗം സംഭവിച്ചത്.ശിവഗിരി തീർത്ഥാടന കാലത്തു ആയിരക്കണക്കിന് തീർത്ഥാടകർ ഇവിടെയെത്തിയശേഷം ശിവഗിരിയിൽ എത്തിച്ചേരുക പതിവാണ്.വിദേശ രാജ്യങ്ങളിൽ നിന്നുമുൾപ്പടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പേരിൽ ശിവഗിരിയിൽ മഹാഗുരുപൂജ വഴിപാട് നടത്താറുണ്ട്.പൂജാ വിവരങ്ങൾക്ക് മഠം പി.ആർ.ഒയുമായി ബന്ധപ്പെടാം. ഫോൺ: 94474551499.