ചികിത്സാപ്പിഴവ്: നവജാത ശിശുവിന്റെ വിരലറ്റു
കുന്നംകുളം: തൃശൂർ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് നവജാത ശിശുവിന്റെ വിരലറ്റു. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് പാതി അറ്റത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് ഇഞ്ചക്ഷൻ നൽകണമെന്ന് പറഞ്ഞ് കുഞ്ഞിനെ നഴ്‌സുമാർ എൻ.ഐ.സി.യുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏഴായിട്ടും തിരികെ നൽകാതായതോടെ ജിഷ്മ എൻ.ഐ.സി.യുവിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ തള്ളവിരൽ പാതി അറ്റുപോയ നിലയിൽ കണ്ടത്.
ആന്റിബയോട്ടിക് ഇഞ്ചക്ഷൻ നൽകിയശേഷം കെെയിലെ പ്ലാസ്റ്റർ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ആദ്യം ചെറിയ മുറിവാണെന്ന് പറഞ്ഞ് അധികൃതർ വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. പരിക്കേറ്റിട്ടും രാവിലെ 10ന് ഡോക്ടർ എത്തുന്നതുവരെ കുഞ്ഞിന് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.