ഇന്ത്യയിലെ രണ്ട് വിമാനക്കമ്പനികള്‍ നഷ്ടത്തില്‍; മുന്നിലുള്ളത് നിരവധി വെല്ലുവിളികള്‍, യാത്രക്കാരും കൈവിടുന്നു

Friday 23 January 2026 12:01 AM IST

അഹമ്മദാബാദ് അപകടവും സര്‍വീസ് മുടക്കവും വിനയായി

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവില്‍ ഇന്ത്യയുടെ പ്രധാന വിമാന കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും കനത്ത ഇടിവ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ലേബര്‍ കോഡിന്റെ ഭാഗമായുണ്ടായ അധിക ചെലവും വിമാന കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ഇന്‍ഡിഗോയുടെ അറ്റാദായം 77 ശതമാനം ഇടിവോടെ 549.8 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,448.8 കോടി രൂപയായിരുന്നു.

പുതിയ തൊഴില്‍ കോഡുകള്‍ നടപ്പാക്കിയതിലൂടെ 969.3 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടായെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. ഡിസംബറില്‍ പൈലറ്റ് ക്ഷാമത്താല്‍ വ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയതിന്റെ ബാദ്ധ്യത 550 കോടി രൂപയാണ്. ഇതിനുപുറമെ എയര്‍ലൈനിന് 22 കോടി രൂപയുടെ പിഴ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) ചുമത്തിയിരുന്നു. അന്‍പത് കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കേണ്ടി വന്നു.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ നഷ്ടം 15,000 കോടി രൂപ കവിയുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂണില്‍ നടന്ന അഹമ്മദാബാദ് വിമാന ദുരന്തമാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്റെ ആകാശത്തിലൂടെ പറക്കുന്നതിന് നിരോധനമുണ്ടായതും എയര്‍ ഇന്ത്യയുടെ ലാഭക്ഷമതയെ ബാധിച്ചു.

വ്യോമയാന മേഖലയില്‍ പ്രതീക്ഷിക്കുന്ന നഷ്ടം - 18,000 കോടി രൂപ

ഡിസംബറില്‍ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവ് - 3.9 ശതമാനം

വെല്ലുവിളികള്‍

1. ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാകുന്നില്ല

2. ഇന്ധന വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുറയുന്നില്ല

3. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ കമ്പനികളുടെ നഷ്ടം കൂടുന്നു

4. ഉപയോഗിക്കാതെ കിടക്കുന്ന വിമാനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നു