ലെൻസ്ഫെഡ് സ്ഥാപക ദിനാചരണം ഇന്ന്
കൊല്ലം: എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) 27-ാമത് സ്ഥാപക ദിനാചരണം ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് 4ന് നഗരത്തിൽ ബൈക്ക് റാലി നടക്കും. ജില്ലയിലെ 250 എൻജിനിയർമാർ റാലിയിൽ പങ്കെടുക്കും. കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന റാലിയുടെ ഫ്ളാഗ് ഓഫ് ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ് നിർവഹിക്കും. വൈകിട്ട് 5ന് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന പൊതു സമ്മേളനം അഡ്വ. എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ ടി.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ബി.എസ്. ശിവകുമാർ, ട്രഷറർ വി. ബിനുലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. ശിവപ്രസാദ്, മനു മോഹൻ, ചാർളി ജോൺ, വിപിനൻ കെ. നായർ എന്നിവർ സംസാരിക്കും.