പൊലീസ് ജീപ്പ് ഇടിച്ച് തകർത്ത കേസിലെ പ്രതി പിടിയിൽ

Friday 23 January 2026 12:35 AM IST

പത്തനാപുരം:ഉത്സവ സ്ഥലത്തെത്തിയ പൊലീസ് ജിപ്പ് ഇടിച്ച് തകർത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പിടവൂർ സത്യൻമുക്കിൽ മാംവിളയിൽ വീട്ടിൽ ദേവൻ സജീവിനെയാണ് (56) പത്തനാപുരം സി.ഐ വിഷ്ണു, എസ്.ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പിടികൂടിയത്.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. പിടവൂരിലെ ക്ഷേത്രേത്സവത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുന്നതിനിടെ മദ്യപിച്ച് വളർത്ത് നായുമായി ക്ഷേത്രത്തിലെ പാചകപ്പുരയിൽ എത്തിയ ദേവൻ സജീവ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. ഭാരവാഹികൾ പത്തനാപുരം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥത്തെത്തിയ പൊലീസ് ഇയാളെ പറഞ്ഞു വിട്ടു. പിന്നീട് വീണ്ടും എത്തിയ സജീവ് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ഗ്ലാസ് അടിച്ച് ഉടച്ചു. തുടർന്നും സ്ഥലത്തെത്തിയ പൊലീസിന്റെ ജിപ്പിൽ ഇയാൾ സഞ്ചരിച്ച മറ്റൊരു ജീപ്പ് കൊണ്ട് ഇടിച്ച് കേടുപാടുണ്ടാക്കി. ആക്രമണത്തിൽ ജീപ്പിലുണ്ടായിരുന്ന സി.പി.ഒ അനീഷിന് പരിക്കേറ്റു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.

കേസ് എടുത്ത പത്തനാപുരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ആക്രമണത്തിന് ഉപയോഗിച്ച ജീപ്പ് കൈമാറിയ മൂവാറ്റുപുഴ സ്വദേശിയുമായി പ്രതി തെങ്കാശിെിൽ നിന്ന് മൊബൈൽഫോണിൽ ബന്ധപ്പെട്ടത് കണ്ടെത്തി. പൊലീസ് സംഘം തെങ്കാശിയിലെ മാത്തോപ്പിൽ എത്തിയപ്പോൾ നൂറോളം വളർത്ത് നായ്ക്കൾക്കെപ്പം പ്രതി കഴിയുകയായിരുന്നു. പൊലീസിനെ കണ്ട് ഷെഡിൽ ഓടിക്കയറിയ സജീവിനെ സാഹസികമായാണ് പിടി കൂടിയത്. പിന്നീട് പത്തനാപുരം സ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.പി.ഒമാരായ വിഷ്ണു, ബേബി എന്നിവരും സി.ഐക്കൊപ്പം ഉണ്ടായിരുന്നു.