പ്രഭാതങ്ങൾക്ക് അറിവിന്റെ നിറം പകരാൻ കെ. ശിവാനന്ദൻ ഇനിയില്ല
കൊല്ലം: ദേശ, വിദേശ അറിവുകളുടെ നിറം പകർന്ന് പ്രഭാതങ്ങളെ സമ്പന്നമാക്കാൻ കെ. ശിവാനന്ദൻ ഇനിയില്ല. കേരളകൗമുദി കടപ്പാക്കട ഏജന്റ് മങ്ങാട് ശിവാനന്ദ മന്ദിരത്തിൽ കെ. ശിവാനന്ദൻ (77) ഇന്നലെ അപ്രതീക്ഷിതമായി വിടവാങ്ങി.
വരിക്കാർക്ക് അതിരാവിലെ പത്രമെത്തിക്കണമെന്നത് അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു. കൂടുതൽ വരിക്കാരെ കണ്ടെത്താനും പരിശ്രമിച്ചുകൊണ്ടിരുന്നു. കെ.ശിവാനന്ദൻ പത്രവിതരണം ജീവിത തപസ്യയാക്കിയിട്ട് ആറ് പതിറ്റാണ്ട് പിന്നിടുന്ന ഘട്ടമായിരുന്നു. പതിനേഴാം വയസിലാണ് പത്രവിതരണം ആരംഭിച്ചത്. ആദ്യം കേരളകൗമുദിയുടെ സബ് ഏജന്റായിരുന്നു. പിന്നീട് പേട്ടയിൽ പോയി പത്രാധിപർ കെ.സുകുമാരനെ നേരിൽ കണ്ടാണ് കേരളകൗമുദിയുടെ ഏജൻസിയെടുത്തത്. 77 വയസായിട്ടും അവശതകളെല്ലാം മാറ്റിവച്ച് അതിരാവിലെ ഉണർന്ന് കടപ്പാക്കട ജംഗ്ഷനിലെത്തി പത്രക്കെട്ടെടുക്കുമായിരുന്നു.
പലരും ഗേറ്റിനരികെ അദ്ദേഹത്തിന്റെ വരവ് കാത്തുനിൽക്കും. അവരുമായെല്ലാം കുശലം പറഞ്ഞാണ് അതിരാവിലെയുള്ള സഞ്ചാരം. ഇതിനിടെ, ഒരുവർഷം മുമ്പ് കാലിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കിടന്ന മൂന്ന് ദിവസം മാത്രമാണ് അദ്ദേഹം പത്രവിതരണത്തിന് പോകാതിരുന്നിട്ടുള്ളത്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ദിവസം മുതൽ ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിരുന്ന ദിവസം വരെ ഓട്ടോറിക്ഷയിൽ പോയാണ് പത്രവിതരണം ചെയ്തത്. കേരളകൗമുദി കൊല്ലം എഡിഷൻ ആരംഭിക്കുന്നതിന് മുമ്പ് പേട്ടയിൽ നിന്ന് അച്ചടിച്ച് വരുന്ന പത്രം കൊല്ലം ഡിപ്പോയിൽ പോയാണ് എടുത്തിരുന്നത്. അന്ന് സൈക്കിളിലായിരുന്ന വിതരണം. അക്കാലത്ത് എല്ലാവർഷവും പുതിയ സൈക്കിൾ വാങ്ങുമായിരുന്നു. അത്രത്തോളം ദൂരത്തിൽ സഞ്ചരിച്ചായിരുന്നു വിതരണം. പത്രഏജൻസിയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ് ശിവാനന്ദൻ ജീവിതം പടുത്തുയർത്തിയത്.