മോദി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍ കേരളത്തിന്റെ തലസ്ഥാനം

Friday 23 January 2026 12:46 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തുമ്പോള്‍ വമ്പന്‍ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി കാതോര്‍ത്ത് തലസ്ഥാനം. നഗരത്തിന്റെ വികസനത്തിനായി മേയറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിയുടെ ബ്‌ളൂപ്രിന്റ് പുത്തരിക്കണ്ടം മൈതാനത്തെ സമ്മേളന വേദിയില്‍ അദ്ദേഹം പ്രകാശനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മിഷന്‍ 2026 പരിപാടിയുടെ പ്രഖ്യാപനവും നടത്തും.

ബ്‌ളൂപ്രിന്റിലെ നിര്‍ദ്ദേശങ്ങള്‍

ഇന്‍ഡോര്‍ മാതൃകയില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ്

ഒരു വാര്‍ഡില്‍ 40 വീതം വര്‍ഷം നാലായിരം വീടുകള്‍

വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൂറത്ത് മാതൃകയില്‍ 101വാര്‍ഡുകളിലും സമഗ്ര ഡ്രെയിനേജ് പദ്ധതി

പദ്മനാഭസ്വാമിക്ഷേത്രം,ആറ്റുകാല്‍ ക്ഷേത്രം,ബീമാപ്പള്ളി,വെട്ടുകാട് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി

മെട്രോപദ്ധതിക്ക് അതിവേഗ നടപടി

കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങള്‍ക്കായി പ്രത്യേകപദ്ധതി

നഗരത്തില്‍ ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ ശൃംഖല

ഗംഗമിഷന്‍ മാതൃകയില്‍ കരമനയാര്‍,കിള്ളിയാര്‍,ആമയിഴഞ്ചാന്‍തോട്,പാര്‍വതി പുത്തനാര്‍ എന്നിവ ശുദ്ധീകരിക്കാന്‍ പദ്ധതി.

പൊതുജനങ്ങള്‍ക്ക് പ്രത്യേക പാസില്ല

പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം രാവിലെ 11.30നാണ് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുക. എന്നാല്‍ വേദിയിലേക്ക് പൊതുജനങ്ങള്‍ക്ക് രാവിലെ 10 വരെയായിരിക്കും പ്രവേശനം. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. കുപ്പികളും മറ്റ് വസ്തുക്കളും അനുവദിക്കില്ല.