സ്വർണ വില പവന് ഒന്നേകാൽ ലക്ഷം എത്തിയേക്കും,​ കുതിപ്പിന് പിന്നിലെ കാരണങ്ങളിതാണ്

Friday 23 January 2026 1:51 AM IST

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സ്വർണം പവൻ വില ഇന്ന് വീണ്ടും 1.15 ലക്ഷം രൂപ കവിഞ്ഞേക്കും. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ ഇന്നലെ വില ഔൺസിന് 4,900 ഡോളറിന് അടുത്തെത്തി. ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിയും അമേരിക്കൻ ഡോളറിന്റെ ദൗർബല്യവും ഭൗമ രാഷ്ട്രീയ ആശങ്കകളുമാണ് സ്വർണ വില ഉയർത്തുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ സ്വർണ വില പവന് വീണ്ടും 1.15 ലക്ഷം രൂപ കവിയാൻ സാദ്ധ്യതയേറി. ഇന്നലെ കേരളത്തിൽ പവൻ വില 1,680 രൂപ കുറഞ്ഞ് 1,13,180 രൂപയിലേക്ക് താഴ്ന്നിരുന്നു. ഗ്രാമിന്റെ വില 210 രൂപ കുറഞ്ഞ് 14,185 രൂപയിലെത്തി.

നിലവിലെ സാഹചര്യത്തിൽ സ്വർണ വില താമസിയാതെ പവന് 1.25 ലക്ഷം രൂപയിലെത്തുമെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്ത് ആഗോള നിക്ഷേപകർ പണമൊഴുക്കുന്നതാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്.