പട്ടയവിതരണത്തിനുള്ള വരുമാന പരിധി 2.5 ലക്ഷമാക്കി ഉയർത്തി
തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പട്ടയവിതരണത്തിനുള്ള വരുമാനപരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷമായി ഉയർത്തിയെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങുമെന്നും മന്ത്രി കെ.രാജൻ അറിയിച്ചു. സംസ്ഥാനത്ത് ഭൂരേഖയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിന് പേർക്ക് ഇത് ആശ്വാസമാവുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുനിസിപ്പിൽ, കോർപ്പറേഷൻ പ്രദേശങ്ങളിലെ പട്ടയവിതരണത്തിനുള്ള വരുമാനപരിധി നേരത്തെ രണ്ടര ലക്ഷമാക്കി ഉയർത്തിയിരുന്നു. അതിന്റെ തുടർച്ചയായാണിത്. സംസ്ഥാനത്തെ ഫ്ളഡ് റോഡുകളുടെ നിർമ്മാണ അനുമതി മുതൽ ബില്ലിന്റെ പണം കൊടുക്കൽ വരെയുള്ള എല്ലാ നടപടികൾക്കുമായി 'സുവീഥി" എന്ന പേരിൽ പുതിയ പോർട്ടൽ ദുരന്തനിവാരണ വകുപ്പിന് കീഴിൽ സജ്ജമാക്കി. ജനപ്രതിനിധികൾക്ക് അവരുടെ അധികാര പരിധിയിലെ പ്രകൃതി ദുരന്തത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് അപേക്ഷ സമർപ്പിക്കാനും അനുമതി മുതൽ അന്തിമ ബിൽ സമർപ്പണം വരെ പുരോഗതികൾ ഓൺലൈനായി നിരീക്ഷിക്കാനും പോർട്ടൽ സൗകര്യമൊരുക്കും.
പട്ടയഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്താനുള്ള ഭൂപതിവ് നിയമ ഭേദഗതി പ്രകാരം അപേക്ഷ നൽകാനുള്ള പോർട്ടൽ 'ക്ലാർക് " പ്രവർത്തന സജ്ജമായിട്ടുണ്ട്. klarc.kerala.gov.inൽ സിറ്റിസൺ ലോഗിൻ ചെയ്താണ് അപേക്ഷ നൽകേണ്ടത്. ഫോം എ, ബി അപേക്ഷകൾക്ക് 10 രൂപയും ഫോം ഡിക്ക് 100 രൂപയുമാണ് ഫീസ്. വളരെ ലളിതമായ തരത്തിലാണ് പോർട്ടൽ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.