റിപ്പബ്ലിക് ദിനത്തിൽ ഓപ്പറേഷൻ സിന്ദൂർ

Friday 23 January 2026 3:39 AM IST

ന്യൂഡൽഹി: ജനുവരി 26ന് രാജ്യം 77ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂറിലെ തിളക്കമാർന്ന വിജയം എടുത്തുകാട്ടും. പാക് ഭീകരതയ്‌ക്കെതിരെ നടത്തിയ ഓപ്പറേഷനിൽ പങ്കെടുത്ത റാഫേൽ,​സുഖോയ്,​മിഗ്,​ജാഗ്വാർ യുദ്ധവിമാനങ്ങൾ രാജ്യതലസ്ഥാനത്തിന്റെ ആകാശത്ത് ഫ്ലൈപാസ്റ്റ് നടത്തും. വന്ദേമാതരത്തിന്റെ 70ാം വാർഷികവുമായി ബന്ധപ്പെട്ട ഛായാചിത്രങ്ങളും പുഷ്‌പാലങ്കാരവും കർത്തവ്യപഥിൽ ഇടംപിടിക്കും. തദ്ദേശീയമായി നി‌‌ർമ്മിച്ച ആയുധങ്ങൾ അടക്കം പ്രദർശിപ്പിക്കും. ബ്രഹ്‌മോസ് -ആകാശ് മിസൈൽ സിസ്റ്റം,മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ(എം.ആർ.എസ്.എ.എം) സിസ്റ്റം,അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലെറി ഗൺ സിസ്റ്റം,ധനുഷ് ആർട്ടിലെറി ഗൺ,ഡ്രോണുകൾ തുടങ്ങിയവ രാജവീഥിയിലൂടെ നീങ്ങും.

ഇന്ന് കർത്തവ്യപഥിൽ ഫുൾ ഡ്രസ് റിഹേഴ്സൽ നടക്കും.

 വി.വി.ഐ.പി മാറും!

അതിഥികൾ ഇരിക്കുന്ന ഇടങ്ങളിൽ വി.വി.ഐ.പി, വി.ഐ.പി തുടങ്ങിയ ലേബലുകൾ ഇത്തവണയുണ്ടാകില്ല. പകരം പെരിയാർ,ബ്രഹ്‌മപുത്ര,സിന്ധു,സത്‌ലജ്,ചെനാബ്,ഗംഗ,യമുന തുടങ്ങിയ നദികളുടെ പേരുകൾ നൽകും.

കേരളത്തിന്റെ നിശ്ചലദൃശ്യവും

കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഇത്തവണ കർത്തവ്യപഥിൽ ഒഴുകിനീങ്ങും. 100% ഡിജിറ്റൽ സാക്ഷരതാ നേട്ടവും,​ കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളത്തിന്റേത്. രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് കേരളത്തിന്റെ ഫ്ലോട്ടിന് എൻട്രി ലഭിച്ചത്.