വിഴിഞ്ഞത്ത് തീരമണയും, ഒരേസമയം 4 അമ്മക്കപ്പലുകൾ

Friday 23 January 2026 3:53 AM IST

തിരുവനന്തപുരം: അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്ത് ഒരേസമയം നാലു കൂറ്റൻ അമ്മക്കപ്പലുകൾക്ക് (മദർഷിപ്പുകൾ) നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. നിലവിലെ 800മീറ്റർ ബർത്ത് 2000 മീറ്ററാവുകയും മൂന്ന് കിലോമീറ്റർ പുലിമുട്ട് നാലു കിലോമീറ്ററാക്കുകയും ചെയ്യുന്നതോടെ വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഊഴം തേടി കൂറ്റൻകപ്പലുകൾ അറബിക്കടലിൽ കാത്തുകിടക്കും. കണ്ടെയ്നറുകൾ ഇറക്കാൻ 100ക്രെയിനുകളുണ്ടാവും. യാർഡിൽ ഒരുലക്ഷം കണ്ടെയ്നറുകൾ സൂക്ഷിക്കാനാവും. നിലവിലിത് 35,​000ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്ട്രെയിറ്റ് ബെർത്ത് തുറമുഖമായി വിഴിഞ്ഞം മാറും.

രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലെ വികസനപ്രവർത്തനങ്ങളാണ് ഒറ്റഘട്ടമായി 10,000കോടി ചെലവിൽ അദാനി 2028ൽ പൂർത്തിയാക്കുന്നത്. ആദ്യകരാർ പ്രകാരം 2045ൽ തീർക്കേണ്ടതാണ് നേരത്തേയാക്കുന്നത്. തുറമുഖം വികസിക്കുന്നതോടെ, കയറ്റുമതി- ഇറക്കുമതി ആരംഭിക്കാനാവും. റോഡ്, റെയിൽ കണക്ടിവിറ്റിയും വരും. റെയിൽവേ യാർഡ്, മൾട്ടിപർപ്പസ് ബർത്തുകൾ, ലിക്വിഡ് ടെർമിനൽ, ടാങ്ക്‌ഫാം എന്നിവയെല്ലാം നിർമ്മിക്കും. ഇതിനായി 55ഹെക്ടർഭൂമി കടൽനികത്തിയെടുക്കും. ക്രൂയിസ് ടെർമിനലുകൾ പൂർത്തിയാവുന്നതോടെ സഞ്ചാരികളുമായി വൻകിട യാത്രാകപ്പലുകളെത്തുന്നത് ടൂറിസത്തിന് ഗുണകരമാവും. ദീർഘദൂര സർവീസ് നടത്തുന്ന കപ്പലുകൾക്ക് ലിക്വിഡ് ടെർമിനലിൽ ഇന്ധനം നിറയ്ക്കാനാവും. തെക്കുകിഴക്കനേഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയിൽ അന്താരാഷ്ട്ര കപ്പൽച്ചാലിനടുത്ത് ഇന്ധനം നിറയ്ക്കാൻ വിഴിഞ്ഞത്തുമാത്രമാവും സൗകര്യം. അതിനാൽ കൂടുതൽ കപ്പലുകൾ ഇവിടേക്കെത്തും. സർക്കാരിന് നികുതിവരുമാനവുമുണ്ടാവും.

കയറ്റുമതി തുടങ്ങുന്നതോടെ ഷിപ്പിംഗ്, ലോജിസ്റ്റിക് കമ്പനികൾ വിഴിഞ്ഞത്തേക്കെത്തും. അതോടെ തൊഴിലവസരങ്ങൾ വർദ്ധിക്കും. തുറമുഖാധിഷ്‌ഠിത വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും വഴിയും തൊഴിലവസരങ്ങളുണ്ടാവും. നിലവിലെ 10ലക്ഷം കണ്ടെയ്നർ പ്രതിവർഷ ശേഷിയെന്നത് 50ലക്ഷം കണ്ടെയ്നറുകളെന്നായി വിപുലീകരിക്കപ്പെടുന്നതോടെ തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബാവും.

കടലോളം സാദ്ധ്യതകൾ

 സാമ്പത്തികവളർച്ചയ്ക്കും തൊഴിലിനും കടലോളം അവസരങ്ങളാണ് വിഴിഞ്ഞം തുറക്കുന്നത്. ഇതിന് തുറമുഖം കേന്ദ്രമായി വ്യവസായ വികസനമുണ്ടാവണം.

 ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, കോൾഡ്- കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് എന്നിങ്ങനെ പലമേഖലകളിൽ തൊഴിലവസരങ്ങളുണ്ടാവും.

ഉത്പാദന- അസംബ്ലിംഗ് യൂണിറ്റുകൾ, ഐ.ടി, ഐ.ടി അനുബന്ധ വ്യവസായം, ട്രാവൽ, ഹോട്ടൽ, റെസ്റ്റോറന്റ് സംരംഭങ്ങൾ, ടൂറിസം എന്നിവയെല്ലാം വികസിക്കും.

ലോജിസ്റ്റിക്സ് പാർക്കുകൾ, സംസ്‌കരണഹബ്ബുകൾ, വെയർഹൗസുകൾ, ഗോഡൗണുകൾ, സ്റ്റോറേജുകൾ സജ്ജമാക്കണം. കിൻഫ്ര 50ഹെക്ടർ ഭൂമിയേറ്റെടുത്തിട്ടുണ്ട്.

710

കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്

15.13ലക്ഷം

കണ്ടെയ്നറുകളെത്തി. പ്രതീക്ഷിച്ചത് 10ലക്ഷം.

106കോടി

നികുതിയായി സംസ്ഥാനത്തിന് ലഭിച്ചത്

സമുദ്രാധിഷ്‌ഠിത ചരക്കുനീക്കത്തിലെ സുപ്രധാന കണ്ണിയും ദക്ഷിണേഷ്യയുടെ വാണിജ്യ കവാടവുമാണ് വിഴിഞ്ഞം.

യൂറോപ്പ്,അമേരിക്ക,ആഫ്രിക്ക,ഏഷ്യ വൻകരകളിലെ പ്രധാനതുറമുഖങ്ങളിലേക്കെല്ലാം നേരിട്ടുള്ള സർവീസുകളായി.

-വി.എൻ.വാസവൻ,തുറമുഖമന്ത്രി