പാലക്കാട്ട് യുവാവിന്റെ ആത്മഹത്യ; കാരണം ലോൺ ആപ്പിന്റെ ഭീഷണിയെന്ന് കുടുംബം
Friday 23 January 2026 8:54 AM IST
പാലക്കാട്: മേനോൻപാറയിൽ 37കാരൻ ആത്മഹത്യ ചെയ്തത് ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി കാരണമെന്ന് കുടുംബം. മേനോൻപാറ സ്വദേശി അജീഷിന്റെ മരണത്തിലാണ് കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എടുത്തതിൽ കൂടുതൽ പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നെന്ന് കുടുംബം ആരോപിക്കുന്നു.
'റൂബിക്ക് മണി' എന്ന ലോൺ ആപ്പിൽ നിന്നാണ് അജീഷ് പണം കടം വാങ്ങിയിരുന്നതെന്ന് പരാതിയിൽ പറയുന്നുണ്ട്. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ ഒരു നമ്പറിൽ നിന്ന് ഭീഷണികൾ വന്നതായും ബന്ധുക്കൾ പറയുന്നു. അജീഷിന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്നും അജീഷിന്റെ സഹോദരൻ പറഞ്ഞു.