ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിന് കുരുക്ക്; പോറ്റിയുമായുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്, ഉപഹാരവും കൈമാറി

Friday 23 January 2026 9:47 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ബംഗളൂരുവിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ സന്ദർശിക്കുന്ന സമയത്തും ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം അടൂർ പ്രകാശുണ്ടായിരുന്നു. ഈ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

നിലവിളക്കുൾപ്പെടെയുള്ള ഉപഹാരങ്ങൾ പല രാഷ്ട്രീയ പ്രമുഖർക്കും സമ്മാനിച്ചിട്ടുണ്ടെന്ന് നേരത്തെ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിനിടയിൽ സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിലും അടൂർ പ്രകാശ് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. അടൂർ പ്രകാശിനെ വിശദമായി ചോദ്യം ചെയ്യേണ്ട സാഹചര്യങ്ങളിലേക്ക് കടക്കാനുള്ള സാദ്ധ്യതയുമുണ്ട്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലാണ് പോറ്റിയുടെ വീടുള്ളതെന്നും ആ രീതിയിലുള്ള പരിചയമാണെന്നുമാണ് ആദ്യം അടൂർ പ്രകാശ് വിശദീകരണം നൽകിയത്. സോണിയാ ഗാന്ധിയെ കാണാൻ പോറ്റിക്ക് അപ്പോയിൻമെന്റ് എടുത്തുകൊടുത്തത് താനല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പോറ്റിയുമായി യാദൃശ്ചികമായ ബന്ധം മാത്രമാണ് ഉള്ളതെന്നായിരുന്നു അടൂർ പ്രകാശ് നേരത്തെ മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടൂർ പ്രകാശ് 2024 ജനുവരി 27ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തൻ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവിൽ നിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരും നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്.

അതേസമയം, മോശക്കാരനാക്കുള്ള ശ്രമം വിലപ്പോകില്ലെന്നും കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇന്നുരാവിലെ അടൂർ പ്രകാശ് പ്രതികരിച്ചു. എംപിയായ അന്നദാനവുമായി ബന്ധപ്പെട്ടാണ് പോറ്റിയെ കാണാൻ പോയതെന്നും അദ്ദേഹം വിശദീകരിച്ചു. പോറ്റിയുടെയും സഹോദരിയുടെയും വീട്ടിൽ പോയിട്ടുണ്ടെന്നും ഒപ്പം കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നുവെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.