മോദി തിരുവനന്തപുരത്ത് അഞ്ച് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യുമ്പോൾ ഏറെ സന്തോഷിക്കുന്നത് തൃശൂരുകാർ

Friday 23 January 2026 10:05 AM IST

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുരാവിലെ തിരുവനന്തപുരത്ത് അഞ്ച് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ കൂടുതൽ സന്തോഷിക്കുന്നവരിൽ തൃശൂരുകാരുമുണ്ടാവും. അവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന തൃശൂർ- ഗുരുവായൂർ പാസഞ്ചറാണ് മോദി ഉദ്ഘാടനം ചെയ്യുന്ന അഞ്ച് ട്രെയിനുകളിൽ ഒന്ന്. കൊവിഡ് കാലത്ത് നിറുത്തിവച്ച ഈ ട്രെയിൻ വർഷങ്ങൾക്കുശേഷമാണ് വീണ്ടും സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തെ ഉദ്ഘാടനം കഴിഞ്ഞാൽ 10.45ന് തൃശൂരിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ പച്ചക്കൊടി വീശി ഗുരുവായൂരിലേക്ക് യാത്രയാക്കും. 10.50ന് പൂങ്കുന്നം സ്റ്റേഷനിൽ വരവേൽപ്പുനൽകും. തുടർന്ന് 11.20ന് ഗുരുവായൂരിലെത്തും. ഉദ്ഘാടന ദിവസത്തെ മാത്രം യാത്രയാണിത്.

ദിവസവും വൈകിട്ട് രണ്ടുസർവീസാണ് ട്രെയിനിനുളളത്. വൈകിട്ട് 6.10നാണ് ഗുരുവായൂരിലേക്ക് പോകുന്നത്. രാത്രി 8.10ന് ഗുരുവായൂരിൽ നിന്ന് മടക്കം. നേരത്തേ സർവീസ് നടത്തിയിരുന്നപ്പോൾ 5.10നായിരുന്നു ഗുരുവായൂരിലേക്ക് പോയിരുന്നത്. ഗുരുവായൂരിൽ നിന്ന് 7.10ന് മടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സമയക്രമം തങ്ങൾക്ക് അസൗകര്യമാണെന്നാണ് ചില സർക്കാർ ജീവനക്കാരുടെ പരാതി. എന്നാൽ പുതിയ സമയക്രമം ഏറെ സൗകര്യമാണെന്നാണ് ഗുരുവായൂരിന് സമീപപ്രദേശങ്ങളിൽ ജോലിചെയ്യുന്ന സർക്കാർ, സ്വകാര്യ ജീവനക്കാർ പറയുന്നത്. തൃശൂരിൽ നിന്നുള്ള മടക്കയാത്ര കുറച്ചുകൂടി നേരത്തേയാക്കണമെന്ന അഭിപ്രായവും ചിലർക്കുണ്ട്. റെയിൽവേ ബോർഡാണ് സമയക്രമം തീരുമാനിക്കുന്നത്.

തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പാസഞ്ചറിലെ യാത്രാക്കൂലി വെറും 10 രൂപയാണ്. എന്നാൽ ബസിൽ 35 രൂപ നൽകണം.ഇതുമാത്രമല്ല ഗതാഗതക്കുരുക്കിൽപ്പെട്ട് സമയവും ഏറെ നഷ്ടമാകും. ഇതും പാസഞ്ചറിനെ ജനപ്രിയമാക്കുന്നു.

പുലർച്ചെ ഗുരുവായൂരിലെത്തി രാത്രി 11.15ന് പോകുന്ന തിരുവനന്തപുരം-എഗ്‌മോർ എക്സ്‌പ്രസാണ് പാസഞ്ചറായി ഓടിക്കുന്നത്. നേരത്തേ പകൽ മുഴുവൻ ഈ ട്രെയിൽ വെറുതേ കിടക്കുകയായിരുന്നു. ടെയിനിന്റെ എസി കോച്ചുകൾ അടച്ചിട്ടാണ് പാസഞ്ചറായി ഓടിക്കുന്നത്.