സ്വീകരണച്ചടങ്ങിൽ മേയറെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ്, വെട്ടിയത് ബിജെപിയുടെ ആദ്യ മേയറെ

Friday 23 January 2026 10:33 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരം മേയർ വിവി രാജേഷിനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസെന്ന് അധികൃതർ. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോൾ വിമാനത്താവളത്തിൽ മേയർ സ്വീകരിക്കാനെത്തുന്ന പതിവുണ്ട്. മോദിയെ സ്വീകരിക്കാനെത്തുന്നവരുടെ പട്ടിക നേരത്തേതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഇതിൽ മേയറുടെ പേരും ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരിനേയും സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മേയറും എംപിയും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുള്ളതിനാലാവും ഇവരെ സ്വീകരണപരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സൈനിക, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി 22 പേരാണ് മോദിയെ സ്വീകരിക്കുന്നവരുടെ അന്തിമ പട്ടികയിലുള്ളത്. എൻഡിഎ, ബിജെപി നേതാക്കളും ഇക്കൂട്ടത്തിലുണ്ട്.

സുരക്ഷാ കാരണങ്ങളാൽ സ്വീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് മേയർ വി വി രാജേഷ് അറിയിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും വേദിയിലുള്ളതിനാലാണ് സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിക്കുന്നത്. ഇനി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോൾ ബിജെപി മേയർ സ്വീകരിക്കുമെന്ന് പ്രവർത്തകർ വലിയ പ്രചാരം നൽകിയിരുന്നു. മേയറെ സ്വീകരണച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് പ്രവർത്തകരെ അല്പം നിരാശപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തലസ്ഥാനത്തെത്തുന്ന മോദി അഞ്ച് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കും.