സ്വർണത്തിൽ ഇന്ന് വൻവർദ്ധനവ്; പവൻവില ഒറ്റയടിക്ക് 3,960 രൂപ കൂടി, ആശങ്കയോടെ വിപണി

Friday 23 January 2026 10:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വൻവർദ്ധനവ്. പവന് 3,960 രൂപ കൂടി 1,17,​120 രൂപയും ഗ്രാമിന് 495 രൂപ വർദ്ധിച്ച് 14,640 രൂപയുമായി. ചരിത്രത്തിലെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ഇടിവ് സംഭവിച്ചിരുന്നു. പവന് 1,680 രൂപ കുറഞ്ഞ് 1,13,160 രൂപയായിരുന്നു. ഇത് വിപണിയിൽ കൂടുതൽ പ്രതീക്ഷ നൽകിയിരുന്നു.

ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. 22 ദിവസം കൊണ്ട് പവന് 18,080 രൂപയും ഗ്രാമിന് 2,260 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. വിതരണ ശൃംഖലയിലെ തടസങ്ങൾ, ആവശ്യകതയിലെ മാറ്റങ്ങൾ, കറൻസി ചലനങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ ആഗോള ഘടകങ്ങൾ കാരണമാണ് രാജ്യത്ത് സ്വർണവിലയിൽ തുടർച്ചയായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര വിലകളും യുഎസ് ഡോളറിനെതിരെ രൂപയുടെ ചലനവുമാണ് ,സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, പലിശ നിരക്ക് ക്രമീകരണങ്ങൾ, വിശാലമായ സാമ്പത്തിക അനിശ്ചിതത്വം എന്നിവ പലപ്പോഴും സുരക്ഷിത നിക്ഷേപങ്ങളായ സ്വർണ്ണത്തിനും വെള്ളിക്കും വേണ്ടിയുള്ള ആവശ്യകത വർദ്ധിപ്പിക്കുന്നു.

അതേസമയം,​ സംസ്ഥാനത്ത് വെള്ളിവിലയിലും വൻവ‌ർദ്ധനവാണ് സംഭവിച്ചത്. ഗ്രാമിന് 360 രൂപയും കിലോഗ്രാമിന് 3,​60,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 340 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.