'നിങ്ങളുടെ ക്യാപ്ടൻ ഒരു ഹിന്ദു, സമാധാനത്തിന് ശ്രമിക്കണം', ബംഗ്ലാദേശിനോട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ഉപദേശം

Friday 23 January 2026 11:09 AM IST

ന്യൂഡൽഹി: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും (ബിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) തമ്മിലുള്ള തർക്കം മുറുകുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി ഔദ്യോഗികമായി തള്ളിയിരുന്നു.

ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഐസിസി ബോർഡ് യോഗം സ്ഥിരീകരിച്ചതോടെ, ബിസിബി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ ബിസിബിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അതുൽ വാസൻ. രാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സമാധാന ദൂതനായി ബംഗ്ലാദേശ് നായകൻ ലിറ്റൺ ദാസിനെ കാണണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

'ബംഗ്ലാദേശ് നായകൻ ഒരു ഹിന്ദുവാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ അസ്വാരസ്യങ്ങൾ കുറയ്ക്കാൻ ഈ സാഹചര്യം ബിസിബി ഉപയോഗിക്കണം. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിൽ ആശങ്കപ്പെടേണ്ടതില്ല, ഇവിടെ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.' അതുൽ വാസൻ പറയുന്നു.

ടൂർണമെന്റ് തൊട്ടടുത്ത് എത്തി നിൽക്കെ മത്സരങ്ങൾ മാറ്റുന്നത് ഐസിസിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വാസൻ ചൂണ്ടിക്കാട്ടി. അതേസമയം, ബിസിബിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുകിൽ നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുക, അല്ലെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുക എന്ന കർശന നിലപാടാണ് ഐസിസി സ്വീകരിച്ചിരിക്കുന്നത്.

ഐസിസി ആവശ്യം തള്ളിയെങ്കിലും, ഇന്ത്യയിൽ കളിക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ. അതേസമയം ബംഗ്ളാദേശിനെ ഒഴിവാക്കി പകരം സ്കോട്ട്‌ലാൻഡിനെ കളിപ്പിക്കാനാണ് ഐസിസിയുടെ നീക്കം. 2009ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി-20 ലോകകപ്പിൽനിന്ന് രാഷ്ട്രീയ കാരണങ്ങളാൽ സിംബാബ്‍വെ പിന്മാറിയപ്പോൾ പകരക്കാരായി സ്കോട്ട്ലാൻഡ് കളിച്ചിരുന്നു. ഇക്കാര്യത്തിൽ ഐസിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 7നാണ് ട്വന്റി-20 ലോകകപ്പിന് തിരിതെളിയുന്നത്.