ട്വന്റി20യിൽ പൊട്ടിത്തെറി; എൻഡിഎ പ്രവേശനത്തെ എതിർത്ത് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേയ്ക്ക്
കൊച്ചി: എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ ട്വന്റി20യിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. എറണാകുളത്ത് ട്വന്റി20യുടെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേയ്ക്ക് പോകുന്നതായാണ് വിവരം. എൻഡിഎ പ്രവേശനം ട്വന്റി20 പാർട്ടി അദ്ധ്യക്ഷൻ സാബു എം.ജേക്കബിന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്നും പ്രാദേശിക നേതൃത്വത്തെയും പ്രവർത്തകരെയും നോക്കുകുത്തിയാക്കിയെന്നുമാണ് വിമർശനം.
ട്വന്റി20 ജനപ്രതിനിധികൾ പാർട്ടി വിടുന്നതിൽ സാബു എം ജേക്കബ് പ്രതികരിച്ചിരുന്നു. 'അത് എല്ലാ പാർട്ടിയിലും ഉണ്ടാകുന്നതാണ്. ആശയപരമായി തീരുമാനമെടുക്കുമ്പോൾ ഒന്നോ രണ്ടോ ശതമാനം പോയെന്നുവരും. അതൊന്നും പാർട്ടിയെ ബാധിക്കില്ല. ഒന്നോ രണ്ടോ ശതമാനം പോകുമ്പോൾ പത്തോ നൂറോ തിരികെ വരും. ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. തീരുമാനത്തിന് പിന്നിൽ ബിസിനസ് താത്‌പര്യമാണോ എന്നുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ'- എന്നായിരുന്നു സാബു എം ജേക്കബിന്റെ പ്രതികരണം.
സാബു എം ജേക്കബും ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഇന്നലെ വാർത്താസമ്മേളനത്തിലാണ് എൻഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. ഇന്നലെ ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിൽ രാജീവ് ചന്ദ്രശേഖറും സാബു എം.ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേ, കൊച്ചിയിലും ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി എത്തിയപ്പോൾ സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലാണ് ധാരണയായത്.
2015ൽ രജിസ്റ്റർ ചെയ്ത ട്വന്റി 20ക്ക് നാല് തദ്ദേശസ്ഥാപനങ്ങളിൽ ഭരണമുണ്ട്. രണ്ട് ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ളോക്ക് പഞ്ചായത്തുകളിലും മുഖ്യപ്രതിപക്ഷവുമാണ്. ആകെ 89 തദ്ദേശവാർഡ് പ്രതിനിധികളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടും തദ്ദേശതിരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടും നേടിയിരുന്നു.