ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം, ജയിലിന് പുറത്തേക്ക്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കട്ടിള, ദ്വാരപാലക കേസുകളിലാണ് കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ ഒക്ടോബർ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസം കഴിഞ്ഞും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കട്ടിള, ദ്വാരപാലക കേസുകളിൽ ഒരേ ദിവസമാണ് മുരാരി ബാബു അറസ്റ്റിലായത്. സ്വർണക്കൊള്ളകേസിൽ ജാമ്യംലഭിച്ച് പുറത്തിറങ്ങുന്ന ആദ്യപ്രതിയാണ് മുരാരി ബാബു.
നേരത്തേ, കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിക്ക് ദ്വാരപാലക കേസിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പോറ്റി ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.
അതേസമയം, സ്വർണക്കൊള്ളകേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി നിമിഷങ്ങൾക്കുള്ളിൽ തള്ളി.സ്വർണക്കൊള്ള നടന്ന കാലയളവിൽ വാസു ദേവസ്വം കമ്മിഷണർ എന്ന സുപ്രധാന ചുമതലയിലായിരുന്നു. സ്വർണപ്പാളികളിൽ വീണ്ടും സ്വർണം പൂശുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. മൂന്നാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വിമർശനമുന്നയിച്ചത്. ദൈവത്തെ പോലും വെറുതെ വിടുന്നില്ലെന്ന് 5ന് വിമർശിച്ചിരുന്നു.ഹൈക്കോടതിയുടെ പ്രതികൂല പരാമർശങ്ങൾ നീക്കാൻ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് അന്ന് നിലപാട് വ്യക്തമാക്കിയത്.
വാസു 72 ദിവസത്തിലധികമായി ജയിലിലാണെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. 75 വയസ് പിന്നിട്ടു. ആരോഗ്യസ്ഥിതി പരിഗണിക്കണം. ഗൂഢാലോചനയിൽ പങ്കില്ല. എസ്.ഐ.ടിയുടെ അന്വേഷണവുമായി സഹകരിച്ചു. തെളിവെടുപ്പ് പൂർത്തിയായി. തിരുവാഭരണം കമ്മിഷണർ ആയിരുന്നില്ല. അതിനാൽ സ്വർണം പൂശലുമായി ബന്ധമില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.