പിണറായിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടിനുനേരെ ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

Friday 23 January 2026 1:45 PM IST

കണ്ണൂർ: പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. പ്രവർത്തകരുടെ വീടിന്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ എറിഞ്ഞ് തകർത്തു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ആരും വീടുകളിലുണ്ടായിരുന്നില്ല. ഉത്സവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആദിത്യൻ, വൈശാഖ് എന്നീ രണ്ട് ബിജെപി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്.

സംഘർഷം വ്യാപിച്ചതോടെ അക്രമസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുവെട്ടി, പാനുണ്ട മേഖലകളിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ക്ഷേത്രപരിസരത്ത് ഉണ്ടായതെന്നാണ് കരുതുന്നത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ പ്രനൂപിന് ഭീഷണി ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.