'രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം', ഏകദിന ലോകകപ്പ് നേടാൻ വഴി നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം

Friday 23 January 2026 2:16 PM IST

മുംബയ്: ഏകദിന ക്രിക്കറ്റിൽ ഗില്ലിനെ നായകസ്ഥാനത്ത് നിന്നും നീക്കി പകരം രോഹിത്ത് ശർമ്മയെ ആ സ്ഥാനം ഏൽപ്പിക്കണമെന്ന്ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം. ബാറ്റർ മനോജ് തിവാരിയാണ് ഇങ്ങനെ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞവർഷം ഒക്‌ടോബറിൽ ഗില്ലിന്റെ നായകത്വത്തിൽ ഇന്ത്യ, ഓസ്‌ട്രേലിയയോട് പരമ്പര തോൽവി ഏറ്റുവാങ്ങി. പിന്നാലെ ഇന്ത്യയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര തോറ്റു. ഇപ്പോൾ ന്യൂസിലാന്റ് പരമ്പരയിലും ഏകദിനപരമ്പര കൈവിട്ടു. ബിസിസിഐ കാര്യങ്ങൾ ശരിയാക്കി 2027 ഏകദിന ലോകകപ്പിന് തയ്യാറെടുപ്പുകൾ നടത്തണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.

'ശരിയായ ദിശയിലേക്ക് പോകാൻ ഇന്ത്യയ്‌ക്ക് ഇനിയും സമയമുണ്ട്. ഒരു ദ്വിരാഷ്‌ട്ര പരമ്പരയെക്കുറിച്ചോ സാധാരണ ടൂർണമെന്റുകളിലെയോ കുറിച്ചോ അല്ല ഞാൻ ഇക്കാര്യം‌ പറയുന്നത്.' നായകനായി രോഹിത്ത് വരണമെന്നാവശ്യപ്പെട്ട് മനോജ് തിവാരി പറഞ്ഞു. ന്യൂസിലാന്റ് പരമ്പരയിൽ രോഹിത്ത് നായകനായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ന്യൂസിലാന്റുമായുള്ള ഏകദിന പരമ്പരയിൽ സ്വന്തം മണ്ണിൽ ഇന്ത്യ തോൽക്കുന്നത് ഇത് ആദ്യമാണ്.

ഗില്ലിനെക്കാൾ മികച്ച ക്യാപ്റ്റൻസിയാണ് രോഹിത്തിനെന്നും ലോകകപ്പിൽ രോഹിത്ത് ക്യാപ്റ്റനായാൽ ഇന്ത്യയ്‌ക്ക് കിരീടം നേടാൻ മികച്ച സാദ്ധ്യതയാണെന്നാണ് മനോജ് തിവാരി വ്യക്തമാക്കുന്നത്. 'രോഹിത്തിന്റെ നേതൃത്വത്തിൽ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ ടീം ശരിയായ ദിശയിൽ പോകുകയാണെന്ന് ഞാൻ കരുതി.' അദ്ദേഹം പറഞ്ഞു. 'രോഹിത്ത് നായകനായാൽ ഇന്ത്യ ലോകകപ്പ് ജയിക്കാൻ 85-90 ശതമാനം സാദ്ധ്യതയുണ്ട്.' മനോജ് തിവാരി കണക്കുകൂട്ടുന്നു.