7 ദിവസത്തിനിടെ 3002 പേർ, കൊച്ചി 'പനിക്കിടക്കയിൽ"

Saturday 24 January 2026 1:30 AM IST

മഞ്ഞപ്പിത്തം പടരുന്നു

കൊച്ചി: കാലാവസ്ഥാ മാറ്റം ജില്ലയെ വീണ്ടും പനിക്കിടക്കയിലാക്കി. സർക്കാർ- സ്വകാര്യ ആശുപത്രികൾ നിറയുകയാണ്. ഏഴ് ദിവസത്തിനിടെ 3002 പേരാണ് പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ഇതിൽ 100ലേറെ പേരാണ് ദിവസങ്ങളോളം അഡ്മിറ്റായത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് വേറെയും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നുവെന്നതും ആശങ്കയേറ്റുന്നു. ഒരാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളിലെത്തിയ 43 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിനു പുറമേ ഡെങ്കിപ്പനിയും വ്യാപകമാണ്. 39 പേരാണ് ഡെങ്കിപ്പനി ബാധയ്ക്ക് ചികിത്സ തേടിയത്. ഇതിൽ അഞ്ചുപേർ ദിവസങ്ങളോളം കിടത്തി ചികിത്സയ്ക്കും വിധേയരായി. മങ്ങാട്ടുമുക്ക്, ഒക്കൽ, തൃപ്പൂണിത്തുറ, കുമാരപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇതിനു പുറമേ എലിപ്പനി ബാധയിലും നേരിയ വർദ്ധനവുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏഴ് പേരാണ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ രണ്ടുപേർക്ക് ഇതിനകം എലിപ്പനി സ്ഥിരീകരിച്ചു.

എച്ച്1എൻ1

പനികളിൽ ഏറെ വർദ്ധനയുള്ളത് എച്ച്1എൻ1നാണ്. എന്നാൽ ഇതിന്റെ കണക്കുകൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ഇൻഫ്‌ളുവൻസ ബാധിതരിൽ രോഗം ഗുരുതരമാകാനിടയുണ്ടെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പനി ബാധിതർ (തീയതി, പകർച്ചപ്പനി, ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്‌ളുവൻസ. മറ്റ് പകർച്ചപ്പനികൾ എന്ന കണക്കിൽ)

15-----403-----00-----00-----10----00-----190

16-----389-----08-----00-----02-----00-----161

17-----458-----03-----00-----10-----02-----188

18-----228-----01-----01-----06-----00-----160

19-----514-----02-----01-----01-----00------214

20-----509-----09-----01-----08-----04-----254

21-----501-----16------00-----06------00-----217

ആകെ---3002---39---03------43-----06-----1,384