കുടിവെള്ളക്ഷാമം: ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം

Friday 23 January 2026 4:42 PM IST

കളമശേരി: ഏലൂർ നഗരസഭയിലെ മഞ്ഞുമ്മലിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കാത്തതിൽ ഏലൂർ നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പി.ടി.ഷാജി, കൗൺസിലർമാരായ നീന ഗോപകുമാർ, കൃഷ്ണപ്രഭ, മുൻകൗൺസിലർ എസ്.ഷാജി, ബി.ജെ.പി ഏലൂർ മുനിസിപ്പൽ വെസ്റ്റ് ഏരിയാ വൈസ് പ്രസിഡന്റ് ടി.എസ്.കൃഷ്ണൻകുട്ടി, സെക്രട്ടറി ദിപിൽ കുമാർ, പത്മകുമാർ, പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി കളമശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ പ്രതിഷേധിച്ചു. ഫാക്ടിൽ നിന്നും ഏലൂരിലേക്ക് കുടിവെള്ളം നൽകുന്നുണ്ടെങ്കിലും വേണ്ടത്ര രീതിയിൽ വെള്ളം വിതരണം ചെയ്യാൻ വാട്ടർ അതോറിട്ടിക്ക് കഴിയുന്നില്ല.

മഞ്ഞുമ്മലിലെ താഴ്ന്ന പ്രദേശങ്ങളിൽ പോലും ചെറിയ അളവിലാണ് കുടിവെള്ളവിതരണം നടക്കുന്നത്. വേണ്ടത്ര മർദ്ദത്തിൽ വെള്ളം പമ്പ്‌ ചെയ്യാത്തത് മൂലമാണ് കുടിവെള്ള വിതരണത്തിൽ തകരാർ സംഭവിക്കുന്നതെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. കുടിവെള്ള വിതരണ വാൽവ് തുറക്കുന്നതും അടയ്ക്കുന്നതുമായ കാര്യത്തിലെ സമയക്രമവും കൃത്യമായി പാലിക്കണമെന്നും, കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കറിൽ കുടിവെള്ള വിതരണം നടത്താൻ അധികൃതർ തയ്യാറാകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.